മുംബയ്യുടെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ആളുകൾ യാത്ര ചെയ്യാൻ ക്ളേശം അനുഭവിക്കുന്നു. മിക്ക സ്ഥലങ്ങളിലും ആട്ടോറിക്ഷകളും കാറുകളും ഓടുന്നില്ല. ബസുകൾ ചില സ്ഥലങ്ങളിൽ മാത്രമാണ് ഓടുന്നത്. വെള്ളം നിറഞ്ഞ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരുന്ന ബസുകളുടെ മുകളിൽപ്പോലും ആളുകൾ അഭയം പ്രാപിച്ചിരുന്നു. മഴ വരുന്നതിന് മുൻപ് മുംബയ്യിൽ മുനിസിപ്പാലിറ്റി ഡ്രെയിനേജുകൾ മുഴുവൻ വൃത്തിയാക്കണം എന്നാണ് വയ്പ്. പക്ഷേ ഇതൊരിക്കലും സംഭവിക്കാറില്ല. നാമമാത്രമായി അവിടവിടെ ക്ളീനിംഗ് നടത്തുന്നു എന്നല്ലാതെ വെള്ളത്തിന് സുഗമമായി ഒഴുകാൻ തക്കവിധം ഡ്രെയിനേജുകൾ വൃത്തിയാക്കപ്പെടുന്നില്ല. മുംബയ്യിലൂടെ ഒഴുകുന്ന പ്രധാന നദിയാണ് മീഠി നദി. ഇതാകട്ടെ മാലിന്യങ്ങൾ നിറഞ്ഞ് ഒഴുകാനാകാത്ത സ്ഥിതിയിലാണ്.
നിയമലംഘകരുടെ മുംബയ്
നിയമാനുസൃതമല്ലാത്ത ഒട്ടേറെ കെട്ടിടങ്ങൾ മുംബയ്യിൽ ഉയർന്നു വരുന്നുണ്ട്. കെട്ടിട നിർമ്മാണത്തിന്റെയും പൊളിച്ചുമാറ്രലിന്റെയും ഭാഗമായി ബാക്കി വരുന്ന കല്ലും മണ്ണുമെല്ലാം നദികളിലേക്കും അടുത്തുള്ള തടാകങ്ങളിലേക്കുമാണ് തള്ളുന്നത്. ഞാൻ താമസിക്കുന്നതിന് വളരെ അടുത്തുള്ള പവായ് തടാകം ഓരോ കൊല്ലം കഴിയുന്തോറും ചെറുതായി വരുന്നു. ഇത്തവണ അത് കവിഞ്ഞൊഴുകുകയാണ്. കഴിഞ്ഞ ദിവസം അരക്കിലോമീറ്ററോളം റോഡ് താഴ്ന്നു പോയി. പാലങ്ങൾ പലതും തകർന്നുകിടക്കുകയാണ്.
റോഡരികിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ മുനിസിപ്പിൽ കോർപറേഷൻ പൂർണമായും വൃത്തിയാക്കാറില്ല. കുന്നുകൂടിയ മാലിന്യങ്ങളൊക്കെ വീണ്ടും ഡ്രെയിനേജിലേക്ക് തന്നെയെത്തും. കടലിലേക്ക് ഒഴുകാൻ കഴിയാത്ത വിധം ഡ്രെയിനേജിൽ കെട്ടിക്കിടന്ന് അത് പുറത്തേക്ക് ഒഴുകുന്നു. ആളുകൾ സഞ്ചരിക്കുന്ന റോഡുകളിലെ മാൻഹോളുകൾ പലതും തുറന്നാണ് കിടക്കുന്നത്. വെള്ളം പൊങ്ങുമ്പോൾ മാൻഹോളുകളൊന്നും വാഹനങ്ങൾക്കോ വഴിയാത്രക്കാർക്കോ കാണാൻ കഴിയില്ല. അങ്ങനെ പലരും മാൻഹോളുകളിൽ വീണുപോകുന്നു. അങ്ങനെ വീണുപോകുന്നവർ ഒരിക്കലും ജീവനോടെ തിരിച്ചു വരാറില്ല. ഈ മാൻഹോളുകളിൽ സൈക്കിളുകളും മോട്ടോർ ബൈക്കുകളും വീഴുന്നുണ്ട്. വാഹനങ്ങളുമായി വീഴുന്നവരും ജഡങ്ങളായി കടലിലേക്കൊഴുകി പോകുന്നു.
കുടിനീർ കിട്ടാതെ
മുംബയ്യുടെ പല ഭാഗങ്ങളിലും ശുദ്ധജലം എത്തുന്നത് ദിവസത്തിൽ 20 മിനിട്ട് അല്ലെങ്കിൽ അരമണിക്കൂർ ഒക്കെയായിരിക്കും. വെള്ളപ്പൊക്കത്തോടെ പൈപ്പുകൾ വ്യാപകമായി പൊട്ടി. ശുദ്ധജലം കിട്ടാതെ മനുഷ്യർ നരകയാതന അനുഭവിക്കുകയാണിവിടെ. മുംബയ്യുടെ ജീവനാഡിയായ ലോക്കൽ ട്രെയിൻ, ട്രാക്കുകളിൽ വെള്ളം നിറഞ്ഞതു കാരണം ഓടുന്നില്ല. അനിയന്ത്രിതമായ മലയിടിക്കൽ കാരണം മലമുകളിൽ നിന്ന് വെള്ളം കുത്തിയൊഴുകി ഉരുൾപൊട്ടലുകൾ മഴക്കാലത്ത് ഇവിടെ സാധാരണമാണ്.
ദരിദ്രർ എന്ന ഇരകൾ
മുംബയ്യിൽ കുന്നിന്റെയും ചെറിയ മലയുടെയും മുകളിൽ ചെറിയ കുടിലുകൾ കെട്ടി ജീവിക്കുന്ന ദരിദ്രരായ മനുഷ്യർ വെള്ളപ്പൊക്കത്തിൽ വല്ലാതെ യാതന അനുഭവിക്കുന്നു. ഉൾനാടുകളിൽ നിന്ന് വരൾച്ച കൊണ്ടും കൃഷിനാശം കൊണ്ടും ജോലി തേടി മുംബയ്യിൽഎത്തുന്ന ആളുകളിൽ ഒരു വലിയ ശതമാനം ഫുട്ട്പാത്തുകളിലും ഗവൺമെന്റിന്റെ പുറമ്പോക്കുകളിലും വരണ്ട നദികളിലും പാലങ്ങൾക്ക് കീഴെയും താമസിക്കുന്നവരാണ്. നാല് കാലു നാട്ടി പോളിത്തീൻ ഷീറ്റ് മേലാപ്പാക്കിയാണ് അവർ കഴിഞ്ഞിരുന്നത്. ഒരാൾക്ക് നിവർന്നു കിടക്കാൻ കഴിയാത്ത ഇത്തരം ടെന്റുകളിൽ താമസിച്ചിരുന്ന പാവങ്ങളെയാണ് ഈ വെള്ളപ്പൊക്കം നിരാലംബരാക്കിയത്. അവരിൽ പലർക്കും ഉടുത്തിരുന്ന വസ്ത്രങ്ങൾ മാത്രമാണ് ബാക്കിയായത്.
നരകഛായയ്ക്ക് കാരണക്കാർ
ഇന്ത്യയുടെ ഏറ്റവും സമ്പന്നമായ നഗരമായ മുംബയ്യിലാണ് ഈ ജീർണിച്ച അവസ്ഥയെന്ന് ഓർക്കണം. നമ്മൾ ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് അയയ്ക്കുമ്പോൾ നമുക്ക് അവരിൽ ചില പ്രതീക്ഷകളുണ്ട്. അവരാകട്ടെ നമ്മോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതേയില്ല. ഇത്തരം പ്രകൃതിക്ഷോഭങ്ങൾക്ക് നരകഛായ നൽകുന്നത് ആരും ചോദിക്കാനും പറയാനുമില്ലെന്ന ഔദ്ധത്യത്തിൽ നിന്ന് ഉടലെടുക്കുന്ന അവരുടെ യജമാന ഭാവമാണ്. അധികാരങ്ങൾ മാത്രമേയുള്ളൂ ഉത്തരവാദിത്വങ്ങളില്ല എന്ന് വിശ്വസിക്കുന്ന ഈ പേക്കോലങ്ങളോട് , ഞങ്ങളുടെ ചോറ് തിന്നുന്നെങ്കിൽ ഞങ്ങൾക്ക് വേണ്ടി പണിയെടുക്കൂ എന്ന് ചുണയോടെ പറയാൻ ജനങ്ങൾ പഠിക്കണം.
മുംബയ് ഇന്ന് കടന്നുപോകുന്ന വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. ജനജീവിതം സുഖകരവും സുഗമവുമാക്കാനുള്ള സർക്കാരിന്റെ ഉപകരണങ്ങളാണ് തങ്ങളെന്ന് സർക്കാർ ഉദ്യോഗസ്ഥരോടും ഇന്നുവരെ ആരും പറഞ്ഞു കൊടുത്തിട്ടില്ല. അത്യാഹിതത്തെയും അടിയന്തര സാഹചര്യത്തെയും നേരിടേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ച് പൊതുജനത്തെപ്പോലെ ഉദ്യോഗസ്ഥ വൃന്ദത്തിനും ഒരു പിടിയുമില്ല. മീഠി നദിയുടെ ഗതിമാറാൻ പോലും ഇടവരുത്തിക്കൊണ്ട് , പാരിസ്ഥിതിക പ്രശ്നങ്ങളെ മുഴുവൻ അവഗണിച്ചു കൊണ്ട് അതിനു മുകളിൽ റൺവേ അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥരാണ് ഈ നദിയെ വരിഞ്ഞു മുറുക്കി പൊട്ടാറാക്കിയത്. നികുതിദായകരുടെ പണം ഇത്രയധികം നിരുത്തരവാദപരമായി ചെലവഴിക്കുകയും ആ പണം കൊണ്ട് വോട്ടുബാങ്കുകളുണ്ടാക്കാൻ നിയമാനുസൃതമല്ലാത്ത പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്ന നേതാക്കൾക്ക് ജനങ്ങളുടെ ദാരിദ്ര്യവും നിരക്ഷരതയും ഒരനുഗ്രഹമാണ്. അത് നിലനിറുത്തേണ്ടത് അവരുടെ ആവശ്യവുമാണ്. ഒരു കാര്യം എനിക്കുറപ്പാണ്, സ്വന്തം പാർട്ടിയിലെ കൊലപാതകിയെക്കാൾ അന്യപാർട്ടിയിലെ മര്യാദക്കാരന് വോട്ടുചെയ്യാൻ ജനം ബോധപൂർവം തയാറാകുന്ന നാളുകളിലേ ഈ നരകജീവിതത്തിന് അറുതി വരൂ.
(ലേഖിക മുംബയ്യിൽ താമസിക്കുന്ന പ്രമുഖ എഴുത്തുകാരിയാണ് )