gold-rush-city

സ്വർണം നാടിന്റെ ചരിത്രത്തെ മാറ്റി മറിക്കുമോ?​ അധികം ചിന്തിക്കേണ്ട. എന്നാൽ അങ്ങനെയൊരു നാടുണ്ട്. ആസ്ട്രേലിയയിലെ ബല്ലാരറ്റ് എന്ന സ്ഥലമാണ് സ്വർണം കൊണ്ട് ചരിത്രത്തിലിടം പിടിച്ചത്. ചരിത്രത്തിന്റെ അവശേഷിപ്പുകളാണ് ഇവിടെ കാത്തു സൂക്ഷിക്കുന്നത്. പൊന്നിനെ എങ്ങനെയാണോ കണക്കാക്കുന്നത് അതുപോലെയാണ് ഇവിടത്തുകാർ ബല്ലാരറ്റിനെയും കണക്കാക്കുന്നത്. വിക്ടോറിയയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇവിടം.

1851ലാണ് ഇവിടെ സ്വർണ നിക്ഷേപം കണ്ടെത്തിയെന്ന വാർത്ത പുറംലോകം അറിയുന്നത്. മൺപാതകൾ,​ ഹോട്ടലുകൾ,​ പോസ്റ്റോഫീസ്,​ ഒറ്റമുറി സ്കൂൾ,​ വീടുകൾ,​ കുതിരവണ്ടി എന്നിവയൊക്കെ അക്കാലത്തെ ജീവിത രീതി വെളിപ്പെടുത്തുന്നു. ഖനിയുടെ കവാടത്തിലെ കിണറും ഖനനം ചെയ്ത രീതിയും ഇരുമ്പുരുക്കുന്ന യന്ത്രങ്ങളും പണിശാലകളും നൂറ്റമ്പത് വർഷം മുൻപുള്ളവ തന്നെ. ആദ്യകാല മെെനിംഗ് സാമഗ്രികളും ഉലകളും ആഭരണങ്ങൾ ഉണ്ടാക്കുന്ന രീതിയും ഇവിടെ ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്നതാണ്.

എന്നാൽ,​ ഇവിടേക്ക് എത്തുമ്പോൾ പാലിക്കേണ്ട ചില നിബന്ധനകളുണ്ട്. വിക്ടോറിയൻ ആടയാഭരണങ്ങൾ ധരിച്ച് ഇവിടേക്ക് പ്രവേശനമില്ല. പ്ലാസ്റ്റിക്ക് സാധനങ്ങൾക്കും വിലക്കുണ്ട്. യാരോവീ നദിക്കരയിലാണ് ബല്ലാരറ്റ്. ഇവിടത്തെ വെള്ളച്ചാലിലെ ചരലിൽ ഷവൽക്കൊണ്ട് ഇളക്കി ചട്ടികൊണ്ട് അരിച്ച് സ്വർണം തിരയാം. അരിക്കുന്ന ആൾക്ക് കിട്ടുന്നത് അയാൾക്ക് സ്വന്തം. സാമൂഹിക സാംസ്കാരിക വിനോദ സഞ്ചാരമാണ് ഇവിടുത്തേത്. ബല്ലാരറ്റിലേക്കുള്ള വഴിയിലൂടെ നീളം മേഘങ്ങളെ എത്തിപ്പിടിക്കുന്ന മലനിരകളും പുൽമേടുകളുമാണ്.


ഗോൾഡ് റഷ് ടൗൺ എന്നാണ് ബല്ലാരറ്റ് അറിയപ്പെടുന്നത്. സ്വർണം കണ്ടുപിടിച്ചതുമൂലം വളർന്ന നഗരം. ബല്ലാരറ്റിനു സമീപമുള്ള ക്ലൂൺസിലും ബിനിംഗ്‌യോനിലും സ്വർണ നിക്ഷേപമുണ്ടെന്ന് തെളിവ് ലഭിച്ചു. നിധി തേടി ലോകത്തിന്റെ പല സ്ഥലത്തുനിന്നും ആളുകൾ ആസ്ട്രേലിയയിൽ എത്തി. ലോകത്തിലെ ഏറ്റവും വലിയ സ്വർണ നിക്ഷേപത്തിന്റെ കണ്ടുപിടിത്തംമൂലം വിക്ടോറിയ സംസ്ഥാനത്തിന്റെ ജനസംഖ്യ ഏഴ് ഇരട്ടിയായി വർദ്ധിച്ചപ്പോൾ നഗരങ്ങളും പാർപ്പിട കേന്ദ്രങ്ങളും വികസിച്ചു.

ഇതിനിടെ സ്വർണ വേട്ട രഹസ്യമാക്കി വയ്ക്കുവാൻ ഇംഗ്ലണ്ടിലെ രാജ്ഞി നിയമം കൊണ്ടുവന്നിരുന്നു. 1788 മുതൽ ആസ്ട്രേലിയയിലെ പലയിടങ്ങളിൽ നിന്നും സ്വർണം കണ്ടുകിട്ടിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള 109.59 കിലോ തൂക്കമുള്ള സ്വർണക്കട്ടി ഭൂമിയിൽ നിന്നും 1.2 മീറ്റർ താഴെ നിന്നാണ് ലഭിച്ചത്. ഇവിടെ ഖനനം നടത്തുന്ന രഹസ്യ അറകളിലൂടെയും​ ക്രിസ്റ്റൽ പാറകളിലൂടെയും കൂടാതെ സ്വർണ മതിലുകൾക്കുള്ളിലൂടെയും യാത്ര ചെയ്യാം. ഖനികളിൽ മണ്ണു തുരന്ന് സ്വർണ നിക്ഷേപം കണ്ടെടുത്ത ഇടംവരെ സഞ്ചരിക്കാം.

കടപ്പാട്: യാത്ര