konni

കോന്നി : വീടിന് അജ്ഞാതൻ കല്ലെറിയുന്നു എന്ന പരാതിയുമായി കോന്നി പൊലീസ് സ്റ്റേഷനിലെത്തിയ മധ്യവയസ്‌കൻ പൊലീസുകാരെ കൈയ്യേറ്റം ചെയ്തു. സംഭവത്തിൽ വിമുക്ത ഭടനായ വയക്കര തലത്താഴം വീട്ടിൽ സോമശേഖരൻ നായരെ (56) പൊലീസ് അറസ്റ്റ് ചെയ്തു. പരാതിയുമായി ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സോമശേഖരൻ പൊലീസ് സ്റ്റേഷനിലെത്തിയത്.

എന്നാൽ ഇദ്ദേഹത്തിന്റെ പരാതി കേൾക്കാൻ കൂട്ടാക്കാതെ മാറിനിൽക്കാൻ എസ്.ഐ പറഞ്ഞതോടെയാണ് സോമശേഖരൻ നായർ പ്രകോപിതനായത്. ക്ഷുഭിതനായ വിമുക്ത ഭടൻ എസ്.ഐ കിരണിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ വച്ച് എസ്.ഐക്ക് മർദ്ദനമേൽക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച എ.എസ്‌.ഐ മധുസൂദനനെയും ഇയാൾ മർദ്ദിച്ചു, തുടർന്ന് പുറത്തേക്കോടിയ വിമുക്തഭടനെ കൂടുതൽ പൊലീസുകാർ ചേർന്ന് കീഴടക്കി ലോക്കപ്പിലടയ്ക്കുകയായിരുന്നു. പിടിവലിക്കിടയിൽ രണ്ട് പൊലീസുകാർക്ക് കൂടി തല്ല് കിട്ടിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച വീടിന് കല്ലെറിഞ്ഞ സംഭവത്തിൽ പരാതിയുമായി ഇദ്ദേഹം പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ പൊലീസ് അന്വേഷിക്കാൻ കൂട്ടാക്കിയില്ല. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ ഇക്കാര്യം സോമശേഖരൻ നായർ എത്തിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ എസ്‌.ഐ ക്ഷുഭിതനായി സംസാരിക്കുകയും വാക്കു തർക്കമുണ്ടാവുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു.