omni

ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിൽ രാജാവിനെ പോലെ പാഞ്ഞിരുന്ന വാഹനമേതെന്ന് ചോദിച്ചാൽ, സംശയം കൂടാതെ തന്നെ പറയാം അത് മാരുതിയുടെ ഓമ്‌നിയായിരുന്നെന്ന്. കൂടാതെ പ്രൗഢിയുടെയും ആഡംബരത്തിന്റെയും കൂടി പ്രതീകമായിരുന്നു ഓമ്‌നി. വെള്ളിത്തിരകളിലുൾപ്പെടെ വില്ലന്റെയൊപ്പം വില്ലൻ ഭാവത്തിലും നായകനൊപ്പം നായകന്റെ തലയെടുപ്പിലും കുതിച്ചിരുന്ന ഈ വാഹനം നിരത്തൊഴിയുകയാണെന്ന വാർത്ത പുറത്തുവന്നത് വാഹനപ്രേമികൾക്ക് നിരാശയാണ് സമ്മാനിച്ചത്.

1985കളുടെ തുടക്കത്തിൽ ഇന്ത്യൻ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട ഈ എം.പി.വി അടുത്തകാലം വരെ നിരത്തുകളിൽ നിറഞ്ഞു നിന്നിട്ടുള്ള വാഹനമാണ്. കൂടാതെ രൂപമാറ്റം വരുത്താനും മോഡിഫൈ ചെയ്യാനുമുള്ള സാദ്ധ്യത കുറഞ്ഞ വാഹനമായാണ് ഓമ്‌നിയെ എല്ലാവരും വിലയിരുത്തിയിരുന്നത്. എന്നാൽ, അതൊക്കെ പഴങ്കഥയാണെന്ന് തെളിയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന മോഡിഫൈഡ് ഓമ്നിയുടെ ചിത്രങ്ങൾ.

omni

ജിംനി എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഇൻഡി എന്ന ഗ്യാരേജും ഹോളി ഷിഫ്റ്റ് എന്ന സ്ഥാപനവും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പഴയ ഓമ്നിയിൽ ജിപ്സിയുടെ ഏതാനും ഫീച്ചറുകളും ചേർത്ത് ഓമ്നിയെ ജിംനിയാക്കിയിരിക്കുന്നത്. ജിപ്സിയുടെ ടയറുകൾ നൽകി ഉയരം കൂട്ടിയതിനൊപ്പം മുന്നിൽ ഓഫ് റോഡ് വാഹനങ്ങളിൽ നൽകുന്ന ബമ്പറും ക്രാഷ് ഗാഡും നൽകിയിട്ടുണ്ട്. ഹെഡ്‌ലൈറ്റ് എൽ.ഇ.ഡിയാണ്. പിന്നിലെ ക്യാരിയറിൽ ഒരു ബൈക്കിനെ വഹിക്കാൻ പറ്റുന്ന രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ ബോഡിക്ക് ചുറ്റും ഇരുമ്പ് പൈപ്പ് കൊണ്ടുള്ള കവചവും തീർത്തിട്ടുണ്ട്. എന്തായാലും വാഹനത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.