jet

 കരാർ തുക: 1,​0​5000 കോടി രൂപ
 കരാർപട്ടികയിൽ ബോയിംഗ്,​ ലോക്ഹീഡ് മാർട്ടിൻ,​ സാബ് എ.ബി എന്നീആയുധ കമ്പനികൾ

 ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ കാലപ്പഴക്കം പ്രതിരോധരംഗത്തെ ആശങ്ക

 പാകിസ്ഥാന്റെ എഫ്-16, ഇന്ത്യയുടെ മിഗ്-21നെ വീഴ്ത്തിയത് ഉദാഹരണം

 ഇന്ത്യൻ സേനയ്ക്കാവശ്യം 400 യുദ്ധവിമാനങ്ങൾ

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 114 യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നതായി പ്രതിരോധമന്ത്രാലയം. ഇതിനായുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 1,​0​5000 കോടി രൂപ(15 ബില്യൺ ഡോളർ )​ ചെലവ് പ്രതീക്ഷിക്കുന്ന ഇടപാട്,​ ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പാർലമെന്റിൽ വ്യക്തമാക്കിയത്.

ടെൻഡർ നടപടികളുടെ പ്രാഥമികഘട്ടത്തിൽ ബോയിംഗ്,​ ലോക്ഹീഡ് മാർട്ടിൻ,​ സ്വീഡിഷ് കമ്പനിയായ സാബ് എ.ബി തുടങ്ങിയ വൻകിട ആയുധ കമ്പനികൾ രംഗത്തുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം പുറത്തിറക്കിയ രേഖകളനുസരിച്ച്,​ 85 ശതമാനം നിർമ്മാണപ്രവർത്തനങ്ങളും ഇന്ത്യയിൽതന്നെയാണ് നടക്കുക. ഇന്ത്യയുടെ പ്രതിരോധശേഷി വികസിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച് നയതന്ത്രപ്രധാന നീക്കമായാണ് കരുതപ്പെടുന്നത്. കാരണം,​ അയൽരാജ്യങ്ങളായ പാകിസ്ഥാനും ചൈനയും ഈ മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിച്ച സാഹചര്യത്തിൽപ്പോലും കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് പ്രതിരോധകരാറുകളൊന്നും തന്നെ ഇന്ത്യ ഒപ്പുവച്ചിരുന്നില്ല. പാകിസ്ഥാന്റെ എഫ്-6 പോർവിമാനം ഇന്ത്യൻ വ്യോമസേനയുടെ മുഖ്യ പോർവിമാനമായ റഷ്യൻ നിർമ്മിത മിഗ്-21 നെ വെടിവച്ച് വീഴ്ത്തിയതും നമ്മുടെ പോർവിമാനങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച ആശങ്ക കൂട്ടിയിരുന്നു.

അതേസമയം,​ പ്രതിരോധരംഗത്തെ ആധുനികവത്കരണം രണ്ടാം മോദി സർക്കാരിന്റെ പ്രധാന അജൻഡകളിലൊന്നാണ്. കര, നാവിക, വ്യോമ സേനകൾക്കും തീരസംരക്ഷണ സേനയ്ക്കും ആവശ്യമായ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും സംഭരിക്കുന്ന പ്രക്രിയയ്ക്കും മോദി സർക്കാർ ശ്രദ്ധനൽകിയിരുന്നു. നാവിക,​ വ്യോമ സേനകൾക്കായി ഒറ്റ,​ ഇരട്ട എൻജിനുകളുള്ള 400 യുദ്ധവിമാനങ്ങളാണ് ആവശ്യം. ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് സർക്കാരിന്റെ പുതിയ നീക്കം. ഫ്രാൻസുമായി ഒപ്പിട്ട റാഫേൽ കരാർ പ്രകാരമുള്ള ആദ്യ റാഫേൽ യുദ്ധവിമാനം ഉടൻ വ്യോമസേനയുടെ ഭാഗമാകും. അടിയന്തര പ്രാധാന്യം പരിഗണിച്ച് 36 യുദ്ധവിമാനങ്ങൾക്കാണ് ഇന്ത്യ കരാർ നൽകിയിരിക്കുന്നത്.

 ലക്ഷ്യം,​ സമഗ്രം

യുദ്ധവിമാനങ്ങൾക്കുപുറമെ,​ യുദ്ധടാങ്കുകൾ,​ കവചിത വാഹനങ്ങൾ,​ യുദ്ധക്കപ്പലുകൾ,​ അന്തർവാഹിനികൾ തുടങ്ങിയവയും ഇന്ത്യ വാങ്ങുന്നുണ്ട്. ഇതിനായി അന്താരാഷ്ട്ര കമ്പനികളിൽ നിന്നുള്ള കരാറുകൾ ഇന്ത്യ ക്ഷണിച്ചത് ദിവസങ്ങൾക്കുമുമ്പാണ്. ആറ് മിസൈൽ പടക്കപ്പലുകളും ചെറിയ നിരീക്ഷണ ബോട്ടുകളും അടക്കം നിർമിക്കുന്നതിന് ആറ് കപ്പല്‍ നിർമാണശാലകളിൽ നിന്നാണ് പ്രൊപ്പോസലുകൾ ക്ഷണിച്ചത്. ഏകദേശം 15,000 കോടി രൂപയുടേതാണ് ഈ കരാർ.

''കരാർ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നുകഴിഞ്ഞു. വ്യോമസേനയുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് കരാറിൽ വേണ്ട മാറ്റങ്ങൾ വരുത്തും"- ശ്രീപദ് നായിക്