ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 114 യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നതായി പ്രതിരോധമന്ത്രാലയം. ഇതിനായുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 1,05000 കോടി രൂപ(15 ബില്യൺ ഡോളർ ) ചെലവ് പ്രതീക്ഷിക്കുന്ന ഇടപാട്, ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പാർലമെന്റിൽ വ്യക്തമാക്കിയത്.
ടെൻഡർ നടപടികളുടെ പ്രാഥമികഘട്ടത്തിൽ ബോയിംഗ്, ലോക്ഹീഡ് മാർട്ടിൻ, സ്വീഡിഷ് കമ്പനിയായ സാബ് എ.ബി തുടങ്ങിയ വൻകിട ആയുധ കമ്പനികൾ രംഗത്തുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം പുറത്തിറക്കിയ രേഖകളനുസരിച്ച്, 85 ശതമാനം നിർമ്മാണപ്രവർത്തനങ്ങളും ഇന്ത്യയിൽതന്നെയാണ് നടക്കുക. ഇന്ത്യയുടെ പ്രതിരോധശേഷി വികസിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച് നയതന്ത്രപ്രധാന നീക്കമായാണ് കരുതപ്പെടുന്നത്. കാരണം, അയൽരാജ്യങ്ങളായ പാകിസ്ഥാനും ചൈനയും ഈ മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിച്ച സാഹചര്യത്തിൽപ്പോലും കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് പ്രതിരോധകരാറുകളൊന്നും തന്നെ ഇന്ത്യ ഒപ്പുവച്ചിരുന്നില്ല. പാകിസ്ഥാന്റെ എഫ്-6 പോർവിമാനം ഇന്ത്യൻ വ്യോമസേനയുടെ മുഖ്യ പോർവിമാനമായ റഷ്യൻ നിർമ്മിത മിഗ്-21 നെ വെടിവച്ച് വീഴ്ത്തിയതും നമ്മുടെ പോർവിമാനങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച ആശങ്ക കൂട്ടിയിരുന്നു.
അതേസമയം, പ്രതിരോധരംഗത്തെ ആധുനികവത്കരണം രണ്ടാം മോദി സർക്കാരിന്റെ പ്രധാന അജൻഡകളിലൊന്നാണ്. കര, നാവിക, വ്യോമ സേനകൾക്കും തീരസംരക്ഷണ സേനയ്ക്കും ആവശ്യമായ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും സംഭരിക്കുന്ന പ്രക്രിയയ്ക്കും മോദി സർക്കാർ ശ്രദ്ധനൽകിയിരുന്നു. നാവിക, വ്യോമ സേനകൾക്കായി ഒറ്റ, ഇരട്ട എൻജിനുകളുള്ള 400 യുദ്ധവിമാനങ്ങളാണ് ആവശ്യം. ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് സർക്കാരിന്റെ പുതിയ നീക്കം. ഫ്രാൻസുമായി ഒപ്പിട്ട റാഫേൽ കരാർ പ്രകാരമുള്ള ആദ്യ റാഫേൽ യുദ്ധവിമാനം ഉടൻ വ്യോമസേനയുടെ ഭാഗമാകും. അടിയന്തര പ്രാധാന്യം പരിഗണിച്ച് 36 യുദ്ധവിമാനങ്ങൾക്കാണ് ഇന്ത്യ കരാർ നൽകിയിരിക്കുന്നത്.
ലക്ഷ്യം, സമഗ്രം
യുദ്ധവിമാനങ്ങൾക്കുപുറമെ, യുദ്ധടാങ്കുകൾ, കവചിത വാഹനങ്ങൾ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയും ഇന്ത്യ വാങ്ങുന്നുണ്ട്. ഇതിനായി അന്താരാഷ്ട്ര കമ്പനികളിൽ നിന്നുള്ള കരാറുകൾ ഇന്ത്യ ക്ഷണിച്ചത് ദിവസങ്ങൾക്കുമുമ്പാണ്. ആറ് മിസൈൽ പടക്കപ്പലുകളും ചെറിയ നിരീക്ഷണ ബോട്ടുകളും അടക്കം നിർമിക്കുന്നതിന് ആറ് കപ്പല്‍ നിർമാണശാലകളിൽ നിന്നാണ് പ്രൊപ്പോസലുകൾ ക്ഷണിച്ചത്. ഏകദേശം 15,000 കോടി രൂപയുടേതാണ് ഈ കരാർ.
''കരാർ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നുകഴിഞ്ഞു. വ്യോമസേനയുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് കരാറിൽ വേണ്ട മാറ്റങ്ങൾ വരുത്തും"- ശ്രീപദ് നായിക്