hafees-sayeed

ലാഹോർ∙ മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാത്തുദ്ദവ എന്ന ഭീകരസംഘടനയുടെ നേതാവുമായ ഹാഫിസ് സയീദിനും പന്ത്രണ്ട് കൂട്ടാളികൾക്കുമെതിരെ പാകിസ്ഥാൻ കേസെടുത്തു. ഭീകരത വളർത്താൻ ധനസഹായം നൽകുന്നതുൾപ്പെടെ 23 കേസുകളാണ് ഇവർക്കെതിരെയുള്ളത്.

ഭീകര സംഘങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാന് മേൽ ലോകരാജ്യങ്ങളുടെ സമ്മർദ്ദം ഏറിവരികയായിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അമേരിക്കയിൽ സന്ദർശനം നടത്താനിരിക്കെയാണ് ഭീകരർക്കെതിരെ നടപടി ഉണ്ടായത്.

പഞ്ചാബ് പ്രവിശ്യയിലെ ലാഹോർ, ഗുജ്റെൻവാല, മുൾടാൻ, ഫൈസലാബാദ്, സർഗോധ എന്നീ നഗരങ്ങളിലെ ഭീകരവിരുദ്ധ വകുപ്പിന്റെ പൊലീസ് സ്റ്റേഷനുകളിൽ 1997ലെ ഭീകരവിരുദ്ധ നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്.

ഭീകരബന്ധത്തിന്റെ പേരിൽ പാകിസ്ഥാൻ നിരോധിച്ച അഞ്ച് ട്രസ്റ്റുകളുടെ മറവിലാണ് സയീദ് പണം സമാഹരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്യുന്നത്. ഈ പണം ഭീകര പ്രവർത്തനങ്ങളെ സഹായിക്കാനായി ഉപയോഗിക്കുന്നതായും പാക് ഭീകര വിരുദ്ധ വിഭാഗം ചൂണ്ടിക്കാട്ടി.

ജമാത്തുദ്ദവയ്ക്കു പുറമേ മറ്റു സംഘടനകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഭീകരതയ്ക്കായി പണപ്പിരിവ് നടത്തിയാണ് അവർ സമ്പത്തെല്ലാം ഉണ്ടാക്കിയത്. ഭീകര വിരുദ്ധ കോടതിയിലാണ് വിചാരണ നടക്കുകയെന്നു ഭീകര വിരുദ്ധ വിഭാഗം അറിയിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ നിർദ്ദേശ പ്രകാരം ഇവരുടെ സ്വത്തുക്കൾ കണ്ടു കെട്ടിയിരുന്നു.