udhayanidhi

ചെന്നൈ: ഡി.എം.കെയുടെ യുവജനവിഭാഗം സെക്രട്ടറിയായി ഉദയനിധി സ്റ്റാലിനെ നിയമിച്ചു. പാർട്ടി അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ മകനും നടനും നിർമ്മാതാവുമാണ് ഉദയനിധി സ്റ്റാലിൻ. 35 വർഷം യുവജനവിഭാഗത്തിന്റെ സെക്രട്ടറിയായിരുന്ന എം.കെ. സ്റ്റാലിൻ ആ സ്ഥാനം ഒഴിഞ്ഞപ്പോൾ പകരമെത്തിയത് മുൻ മന്ത്രി വെള്ളക്കോവിൽ എം.പി. സാമിനാഥനായിരുന്നു. ഈ സ്ഥാനത്തേക്കാണ് ഇപ്പോൾ ഉദയനിധിയുടെ രംഗപ്രവേശം. സാമിനാഥൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദയനിധിയെ സെക്രട്ടറിയായി നിയമിച്ചതായി ജനറൽ സെക്രട്ടറി കെ. അൻപഴകൻ മാദ്ധ്യമങ്ങളെ അറിയിച്ചത്.

നിലവിൽ കരുണാനിധി കുടുംബത്തിന്റെ കീഴിലുള്ള മുരശൊലി ട്രസ്റ്റിന്റെ മാനേജിംഗ് ഡയറക്ടറാണ് ഉദയനിധി സ്റ്റാലിൻ. പാർട്ടി മുഖപത്രമായ മുരശൊലിയുടെ നടത്തിപ്പിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്. മാത്രമല്ല, കഴിഞ്ഞ രണ്ടുവർഷമായി പാർട്ടി പ്രവർത്തനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തും ഉദയനിധി സജീവസാന്നിദ്ധ്യമായിരുന്നു.