ചെറിയൊരു ചുമയ്ക്ക് ഡോക്ടറുടെയടുത്തേക്ക് ഓടുന്നവരാണ് നമ്മൾ. ഇനി ഡോക്ടർ കുറിച്ചില്ലെങ്കിൽ പോലും ആന്റിബയോട്ടിക്ക് മരുന്നുകൾ അങ്ങോട്ട് ചോദിച്ചു വാങ്ങുന്നവർ. മറ്റു ചിലരാകട്ടെ ഡോക്ടറെ തന്നെ കാണില്ല, നേരെ മെഡിക്കൽ ഷോപ്പിലെത്തി രോഗം പറഞ്ഞ് മരുന്നുകൾ വാങ്ങിക്കും. ആന്റിബയോട്ടിക്കുകളുടെ ദോഷഫലങ്ങളെക്കുറിച്ച് കൂടുതൽ വാർത്തകൾ വന്നു കൊണ്ടിരിക്കുന്ന കാലത്ത് നമുക്ക് ഒന്നു ചിന്തിച്ചു തുടങ്ങാം. നമ്മുടെ വീട്ടുമുറ്റത്തും അടുക്കളയിലുമായി എത്രയെത്ര അറിയാമരുന്നുകളുണ്ട്. അതായിരുന്നല്ലേ പണ്ടത്തെ മുത്തശ്ശിമാരുടെ വീട്ടുവൈദ്യം.
ശ്വാസതടസത്തിന് കൊത്തമല്ലി
ഒരു സുഗന്ധവ്യഞ്ജനമെന്നതിനുപുറമെ ഷാമ്പൂ, മസാജ് ചെയ്യാനുള്ള എണ്ണ, മുറിവിനു വെച്ചുകെട്ടാനുള്ള കുഴമ്പ്, ദാഹശമനി എന്നീ നിലകളിലുമുള്ള ഉപയോഗത്തിനും മല്ലി ആവശ്യമാണ്. മല്ലി വറുത്തു പൊടിക്കുമ്പോൾ അതിന്റെ പോഷകഘടകങ്ങൾ ശരീരത്തിനു കൂടുതൽ ലഭ്യമാകുന്നു. മല്ലിച്ചെടിയുടെ വേരും കറികളിലുപയോഗിച്ചുവരുന്നു. ഇലയുടെ അത്രയും തീഷ്ണമല്ലാത്ത ഒരു സുഗന്ധം ഉണ്ടെന്നുള്ളതിനാലാണിത്. രസം ഉണ്ടാക്കുമ്പോൾ മല്ലിത്തണ്ടും വേരും അതിൽ ചതച്ചുകെട്ടിയിട്ടശേഷം വാങ്ങിവയ്ക്കുമ്പോൾ എടുത്തുമാറ്റുന്നു. ഇത് മല്ലിയുടെ ഔഷധഗുണങ്ങളെല്ലാം കറിയിലുണ്ടാകാൻ സഹായിക്കുന്നു. ശ്വാസകോശത്തെ ഉത്തേജിപ്പിച്ച് കഫത്തെ പുറന്തള്ളാൻ സഹായിക്കുന്നു. തലവേദനയ്ക്ക് മല്ലിയിലും ചന്ദനവും കൂട്ടിയരച്ച് നെറ്റിയിൽ ലേപനം ചെയ്യുക. മല്ലി പൊടിച്ച് കരിക്കിൻ വെള്ളത്തിൽ കഴിച്ചാൽ മൂത്രതടസ്സം മാറും.
ചുമയാണെങ്കിൽ ചുക്ക്
ചുക്കില്ലാത്ത കഷായമില്ല എന്ന ചൊല്ല് പ്രസിദ്ധമാണ്. സന്ധിവാതത്തിനു ചുക്ക് കഷായം വളരെ ഫലം ചെയ്യും. എത്ര ശക്തിയേറിയ ചുമയിലും ചുക്ക്, ഇരട്ടി ശർക്കര ഇവ രണ്ടും കൂടിയതിന്റെ ഇരട്ടി എള്ള് വറുത്തത് ഇവ നന്നായി യോജിപ്പിച്ച് 10 ഗ്രാം വീതം മൂന്നുനേരം കഴിച്ചാൽ ചുമ പൂർണമായും വിട്ടുമാറും. ദഹനക്കുറവ് ശമിക്കുവാനും ഇത് നല്ലതാണ്. നെയ്യ് ചൂടാക്കി ചുക്കുപൊടിയും ശർക്കരയും ചേർത്ത കുറുക്ക് രാവിലെ വെറും വയറിൽ കഴിക്കുക. തലവേദനയും ചുമയും ജലദോഷവും ശമിക്കും. പ്രസവശേഷം ഉണ്ടാകുന്ന വായുക്ഷോഭത്തിന് ചുക്ക്, വിശിഷ്ടമാണ്. തലവേദനയ്ക്ക് ചുക്ക് ആവണക്കിൻവേര്, കരിയാമ്പൂ ഇല ഇവ സമം ചേർത്തരച്ച് നെറ്റിയിൽ പുരട്ടണം.
അമ്മമാർക്ക് തക്കാളി
രക്തശുദ്ധീകരണത്തെയും വിശപ്പില്ലായ്മയേയും ദൂരീകരിക്കുന്നു. കുടലിൽ ഒരു അണുനാശിനിയായും തക്കാളി പ്രവർത്തിക്കുന്നു. വായ് പുണ്ണിനും തക്കാളി ഒരു ഔഷധമാണ്. കരൾ സംബന്ധമായ രോഗങ്ങൾക്കും ഗുരുതരമായ ദഹനക്കേടിനും ഇത് ഉത്തമമാണ്. ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും ആസ്തമയ്ക്കും തക്കാളി ഔഷധമായി ഉപയോഗപ്പെടുത്തുന്നു. ഓറഞ്ചുപോലെതന്നെ ഗുണപ്രദമായ തക്കാളി ചാറ് കുട്ടികൾക്കും ഗർഭിണികൾക്കും പ്രസവിച്ച അമ്മമാർക്കും നൽകാം. പാവപ്പെട്ടവന്റെ ഓറഞ്ച് എന്നും തക്കാളിക്ക് പേരുണ്ട്. വിളർച്ച ഇല്ലാതാക്കാനും ചർമ്മകാന്തിക്കും തക്കാളി ദിവസവും കഴിക്കാം. ചൂടാക്കിയാൽ ജീവകം സി നശിച്ചുപോകുമെന്നതിനാൽ പഴുത്ത തക്കാളി അരിഞ്ഞ് പഞ്ചസാരചേർത്ത് ജ്യൂസാക്കിയും കഴിക്കുന്നത് കൂടുതൽ പ്രയോജനപ്രദമാണ്. മലബന്ധത്തെ അകറ്റാനും നാഡീഞരമ്പുകൾക്ക് ഉത്തേജനം നൽകാനും തക്കാളിക്കു കഴിയും.
കറ്റാർവാഴ മുമ്പൻ
വളരെ ഔഷധഗുണമുള്ള കറ്റാർവാഴ നമ്മുടെ നാട്ടിൽ വ്യാപകമായി കാണപ്പെടുന്നുണ്ട്. മുറിവും വ്രണങ്ങളും പെട്ടെന്നു തന്നെ ഉണക്കാൻ കറ്റാർവാഴ സ്വരസത്തിനും കഴിവുണ്ട്. മുഖക്കുരുവിന് ഇതൊരു നല്ല ഔഷധമാണ്. ഇതിന്റെ ഔഷധയോഗ്യമായ ഭാഗം പോളയാണ്. കറ്റാർവാഴ പോളനീരു രണ്ടു നേരം നിത്യവും കഴിച്ചാൽ ആർത്തവത്തോടനുബന്ധിച്ചുള്ള വയറുവേദന ശമിക്കുന്നു. കരർ പ്ലീഹ രോഗങ്ങളിലും ഇതും നല്ലതാണ്. കറ്റാർവാഴ നീരിൽ പച്ചമഞ്ഞളരച്ച് കാലിൽ വെച്ചു കെട്ടിയാൽ കുഴിനഖം ശമിക്കും.
മുറിവുണങ്ങാൻ തൊട്ടാവാടി
രക്തസ്രാവത്തെ കുറക്കാനും പ്രമേഹം ശമിപ്പിക്കാനും നീരിനെകുറയ്ക്കാനും തൊട്ടാവാടിക്കു കഴിവുണ്ട്. വയറിളക്കത്തെയും കുഷ്ഠത്തെയും യോനീരോഗങ്ങളെയും തൊട്ടാവാടി ശമിപ്പിക്കും. കയ്പ്, കവർപ്പ് രസങ്ങളുള്ള ഈ ചെടി ശീതവീര്യത്തോടുകൂടിയതാണ്. ആഴത്തിലുള്ള മുറിവിലും വ്രണങ്ങളിലും ഒടിവ്, ചതവ് ഇവയിലും തൊട്ടാവാടി നല്ല പ്രയോജനം ചെയ്യും.
ഇഞ്ചിയിൽ എല്ലാമുണ്ട്
ഇഞ്ചി ഇടിച്ചു പിഴിഞ്ഞ നീര് തുണിയിൽ അരിച്ച് ചൂടാക്കി ചെറുചൂടോടുകൂടി മൂന്നോ നാലോ തുള്ളിവീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദന പെട്ടെന്ന് മാറും.
ഇഞ്ചിനീരും ചെറുനാരങ്ങാനീരും ഓരോ ടീസ്പൂൺ വീതം ചേർത്ത് മൂന്നോ നാലോ പ്രാവശ്യം കഴിച്ചാൽ അരുചി (വായയ്ക്ക് രുചിയില്ലായ്മ) മാറിക്കിട്ടും.
ചുക്ക് പൊടിച്ച് പഞ്ചസാര ചേർത്ത് നക്കിതിന്നാൽ ഇക്കിൾ ശമിക്കും. ചുക്ക് പൊടിച്ച് സമം ശർക്കര ചേർത്ത് ഭക്ഷണത്തിനുമുമ്പ് സേവിച്ചാൽ നല്ല വിശപ്പും ദഹനവും കിട്ടും. ചുക്ക് കഷായം വച്ച് അതിൽ എള്ള് അരച്ച് കലക്കി ചെറുചൂടോടുകൂടി കവിൾകൊണ്ടാൽ പല്ലുവേദന മാറും. ഇളകിയ പല്ലുകൾ ഉറയ്ക്കാനും ഈ പ്രയോഗം നല്ലതാണ്. ഇഞ്ചി അരച്ച് വെണ്ണയിൽ ചാലിച്ച് സേവിച്ചാൽ ചുമ ശമിക്കും. ചുക്കും കരിംജീരകവും കൂടി പൊടിച്ച് കിഴികെട്ടി മൂക്കിൽ മണത്താൽ മൂക്കടപ്പു മാറും.