86-ാം വയസിലും സേവന വഴിയിൽ ഒരു ഡോക്‌ടർ
വടകര: കൈപ്പുണ്യമുള്ള ഹോമിയോ ഡോക്‌ടർ. പാവങ്ങളെ സഹായിക്കാനുള്ള
വലിയ മനസും. രണ്ടും ചേർന്നാൽ ഡോ. സി.എച്ച്. നാരായണൻ അടിയോടിയാകും. അറുപത്തഞ്ച് വർഷമായി ഹോമിയോ ചികിത്സകനാണ്. ഏതാണ്ട് അത്രയും കാലമായി പാവങ്ങൾക്ക് മുടങ്ങാതെ നിശ്‌ചിത തുക നൽകുന്നു. യുവാവായിരിക്കെ സേവനം തുടങ്ങിയ ഡോക്‌ടർക്ക് ഇപ്പോൾ 86 കഴിഞ്ഞു.
ഇപ്പോൾ 50 പേർക്ക് മാസം തോറും 250 രൂപ നൽകുന്നു. പ്ളസ് വണ്ണിനു പഠിക്കുന്ന നാല് കുട്ടികൾക്ക് രണ്ടായിരം രൂപ വീതവും നൽകുന്നുണ്ട്. കുട്ടികളുടെ പഠനത്തിനും പെൺകുട്ടികളുടെ വിവാഹത്തിനും രോഗികളുടെ ചികിത്സയ്‌ക്കും മറ്റും നൽകുന്ന സഹായം ഇതിനു പുറമെയാണ്. എല്ലാം കൂടി മാസം നല്ലൊരു തുകയാകും. ചികിത്സയിൽ നിന്നും അല്ലാതെയുമുള്ള വരുമാനത്തിൽ ഏറിയ പങ്കും ഇങ്ങനെ ചെലവാകും. ഭാര്യ മാലതി അമ്മയും മകനും ഉൾക്കൊള്ളുന്ന ശ്രീരാമകൃഷ്ണ വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിലൂടെയാണ് സഹായം. ട്രസ്റ്റിന്റെ പ്രസിഡന്റ് ഡോക്ടർ അടിയോടി തന്നെ.
പുറമേരിയിലാണ് ഡോക്‌ടറുടെ ഹോമിയോ ക്ലിനിക്. 60 വർഷത്തിലേറെ പഴക്കമുണ്ട്. ടൗണിൽ നിന്ന് ഏറെ മാറി ക്ലിനിക്ക് പ്രവർത്തിച്ചിരുന്ന ബസ് സ്റ്റോപ്പിന് ഹോമിയോ മുക്ക് എന്ന പേരും വീണു. ഇന്നും അതേ പേരിലാണ് ബസ് സ്റ്റോപ്പ്.
കമ്മ്യൂണിസം ഉള്ളിൽ കലർന്ന നാളുകളിലാണ് നിർദ്ധനർക്ക് സഹായധനം നൽകിത്തുടങ്ങിയത്. പിന്നീട് സേവാ സംഘം എന്ന പേരിൽ അതിനായി സംഘമുണ്ടാക്കി. അത് ഒൻപത് വർഷം തുടർന്നു.
പതിനേഴ് വർഷമായി ട്രസ്റ്റ് തുടങ്ങിയിട്ട്. ഉദയപുരം ക്ഷേത്രത്തിനോട് ചേർന്നാണ് ഇപ്പോൾ പ്രവർത്തനം. ട്രസ്റ്റായതോടെ ധനസഹായം വേണ്ടവർ അപേക്ഷ നൽകണം. അന്വേഷിച്ച് ഉറപ്പാക്കിയ ശേഷമേ സഹായം നൽകൂ.
പതിമ്മൂന്ന് വർഷമായി മുടങ്ങാതെ സഹായം കൈപ്പറ്റുന്നവരുമുണ്ട്. സ്വന്തമായി ഒരു രൂപ പോലും വരുമാനമില്ലാത്തവർക്ക് 250 രൂപ പോലും വലുതാണ്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച രാവിലെ ഏഴര മുതൽ ഒൻപത് വരെയാണ് സഹായ വിതരണം. സഹായിക്കുന്നവരുടെ പേരും വിലാസവും എഴുതി സൂക്ഷിക്കുന്നുമുണ്ട്.
ഹോമിയോ ചികിത്സയിൽ ആറര പതിറ്റാണ്ട് പൂർത്തിയാക്കിയ ഡോക്ടറെ ആദരിക്കാൻ വിവിധ മേഖലകളിലുള്ളവരാണ് എത്തുന്നത്. കുറ്റ്യാടി എം.എൽ.എ പാറയ്‌ക്കൽ അബ്ദുള്ള, വടകര എം.പി കെ. മുരളീധരൻ തുടങ്ങിയവർ അടുത്തിടെ എത്തിയിരുന്നു. ഡോക്ടേഴ്സ് ഡേയിൽ ശിഷ്യരും സുഹൃത്തുക്കളുമായി ധാരാളം പേരെത്തി.