news

1. ഓര്‍ത്തഡോക്സ് യാക്കോബായ പള്ളി തര്‍ക്കത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. 2017-ലെ ഉത്തരവ് മറികടന്ന് സമവായ ശ്രമങ്ങള്‍ക്ക് മുതിരരുത് എന്ന് സുപ്രീംകോടതി. സമാന്തര വ്യവസ്ഥകള്‍ സൃഷ്ടിക്കരുത് എന്നും മുന്നറിയിപ്പ്. അതേസമയം, ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളി തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയെ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്, ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരിന് എതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ
2. കോടതി വിധി നടപ്പാക്കി തരേണ്ടവര്‍ അത് ചെയ്യുന്നില്ല എന്നായിരുന്നു ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കരുത്തും കയ്യൂക്കും ഉള്ളവര്‍ക്കേ ജീവിക്കാനാവൂ എന്നതാണ് അവസ്ഥ. വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയില്‍ പോകും. പിറവം പള്ളി വിഷയത്തില്‍ സര്‍ക്കാര്‍ യൂടേണ്‍ എടുത്തു. ശബരിമല വിധി നടപ്പാക്കാന്‍ കാണിച്ച ശുഷ്‌കാന്തി എന്തുകൊണ്ട് ഇതില്‍ കാണിക്കുന്നില്ല എന്നും ഓര്‍ത്തഡോക്സ് സഭ കുറ്റപ്പെടുത്തി ഇരുന്നു
3. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റം വേണമെന്ന് ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്. പരിശോധന റിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കൈമാറി. പാലം പൊളിക്കണമോ അതോ പുനരുദ്ധാരണം നടത്തണമോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കും. ശ്രീധരന്റെ റിപ്പോര്‍ട്ട് മാത്രം നോക്കി തീരുമാനം എടുക്കാന്‍ ആകില്ലെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മാണത്തിലെ സാങ്കേതിക തകരാറുകള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടാണ് ഇ.ശ്രീധരന്‍ സര്‍ക്കാരിന് കൈമാറിയത്.
4. അതേസമയം, റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇ ശ്രീധരന്‍ തയ്യാറായില്ല. റിപ്പോര്‍ട്ടിനെ കുറിച്ച് സര്‍ക്കാര്‍ തന്നെ പറയട്ടെ എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ കോണ്‍ക്രീറ്റ് സ്‌പെഷലിസ്റ്റായ മഹേഷ് ടണ്ടണ്‍, ചെന്നൈ, കാണ്‍പൂര്‍ ഐ.ഐ.ടികളിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് പരിശോധന നടത്തിയത്.


5. ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരായ പോരാട്ടം ശക്തമാക്കും എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസിന് എതിരായ പരാമര്‍ശം ആശയങ്ങള്‍ക്ക് എതിരായ പോരാട്ടം ആണ്. കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ ചെയ്തതിനെ കാള്‍ പത്തിരട്ടി കരുത്തോടെ പോരാട്ടം തുടരും. താന്‍ നിലകൊള്ളുന്നത് കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒപ്പം. പ്രതികരണം, ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനെ അപമാനിച്ചു എന്ന അപകീര്‍ത്തി കേസില്‍ മുംബയ് കോടതിയില്‍ ഹാജരായ ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് എതിരായ വിമര്‍ശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. അത് താന്‍ ആസ്വദിക്കുന്നു എന്നായിരുന്നു രാഹുലിന്റെ മറുപടി.
6. പാര്‍ട്ടി കോടതിയുടെ ശൈലിയിലേക്ക് കേരളത്തിലെ പൊലീസിനെ മാറാന്‍ അനുവദിക്കരുത് എന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ലോക്കപ്പ് മര്‍ദ്ദനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കവെ ആണ് ഷാഫി ഇക്കാര്യം വ്യക്തമാക്കിയത്
7. കേരളത്തില്‍ നിന്നും കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയ്സിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ലുക്കൗട്ട് നോട്ടീസിന്റെ പകര്‍പ്പുകള്‍ കൈമാറി. ലിസ വെയ്സിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റേയും വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്റെയും സഹായം കേരള പൊലീസ് തേടിയിട്ടുണ്ട്
8. വൈദ്യുതി ലൈനില്‍ നിന്നുണ്ടാകുന്ന അപകടങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി .ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ ചീഫ് ഇലക്ര്ടിക്കല്‍ ഇന്‍സ്‌പെക്ടറെ കക്ഷി ചേര്‍ത്തു.
9. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള രൂപരേഖ ആണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക സുരക്ഷ, സാങ്കേതിക വിദ്യ, ഊര്‍ജ സംരക്ഷണം തുടങ്ങിയവയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലൂടെ മനസിലാക്കാം എന്നും മോദി പറഞ്ഞു
10. താന്‍ ഇപ്പോഴും ഉറച്ച ഇസ്ലാം മത വിശ്വാസി ആണ് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും നടിയുമായ നുസ്രത്ത് ജഹാന്‍. എല്ലാ മതങ്ങളേയും താന്‍ ബഹുമാനിക്കുന്നുണ്ട്. കൊല്‍ക്കത്തയില്‍ നടന്ന രഥയാത്രയില്‍ പങ്കെടുക്കവെ ആണ് നുസ്രത്ത് ഇക്കാര്യം വ്യക്തമാക്കിയത്. വ്യവസായി നിഖില്‍ ജെയിന്‍ ആണ് നുസ്രത്ത് ജഹാന്റെ ഭര്‍ത്താവ്
11. കോണ്‍ഗ്രസ് അധ്യ ക്ഷന്റെ രാജിക്ക് പിന്നാലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും രാജിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നൈനിറ്റാളില്‍ നിന്ന് മത്സരിച്ച അദ്ദേഹം ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡന്റ് അജയ് ഭട്ടിനോട്ട് മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്
12. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ സജീവ രാഷ്ട്രീയത്തിലേക്ക്. പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ സെക്രട്ടറി ആയി ഉദയനിധിയെ നിയമിച്ചേക്കും. 35 വര്‍ഷമായി എം.കെ സ്റ്റാലിന്‍ ആയിരുന്നു ഈ പദവി വഹിച്ചിരുന്നത്.
13. രജനീകാന്ത് നായകനായകുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എ. ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ സോംഗിനെ കുറിച്ചാണ് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങളാകും ഗാനത്തില്‍ ഉണ്ടാവുക. എസ്.പി ബാലസുബ്രഹ്മണ്യം ആണ് ഗാനം ആലപിക്കുന്നത്.