budget

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് രാവിലെ 11ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ 'ഫുൾടൈം വനിതാ ധനമന്ത്രി'യും രണ്ടാമത്തെ വനിതാ ധനമന്ത്രിയുമാണ് നിർമ്മല. 1970 ഫെബ്രുവരി 28ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബഡ്‌ജറ്ര് അവതരിപ്പിച്ചിരുന്നു. ധനമന്ത്രിയുടെ അധികച്ചുമതലയാണ് ഇന്ദിര വഹിച്ചത്.

രാജ്യം നേരിടുന്ന ഒട്ടേറെ വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളാണ് നിർമ്മലാ സീതാരാമന്റെ ബഡ്‌ജറ്റിൽ ഏവരും ഉറ്റുനോക്കുന്നത്. 2025ഓടെ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാക്കി വളർത്തണമെങ്കിൽ ശരാശരി എട്ട് ശതമാനം ജി.ഡി.പി വളർച്ച വേണമെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം വളർച്ച 6.8 ശതമാനമായിരുന്നു. സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനമേകുന്ന പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിലുണ്ടാകും.