ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം നെഹ്റു കുടുംബത്തിന് പുറത്തുള്ളവർക്ക് നൽകിയാലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും എതിരെയുള്ള പോരാട്ടത്തിന് രാഹുൽഗാന്ധി തന്നെ നേതൃത്വം നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാർട്ടി അദ്ധ്യക്ഷനായാൽ സംഘടനാപരമായി ദൈനംദിനം ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് സമയം കണ്ടെത്തേണ്ടി വരുന്നതിനാലാണ് രാഹുൽ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതെന്നാണ് സൂചന. രാജ്യം മുഴുവൻ ജനസമ്പർക്കം നടത്തിയും ബി.ജെ.പി വിരുദ്ധ സമരങ്ങൾക്ക് മുന്നിൽ നിന്നും മോദി വിരുദ്ധ പ്രസ്ഥാനത്തിന് രാഹുൽ തന്നെ നേതൃത്വം നൽകുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
പാർട്ടി അദ്ധ്യക്ഷൻ പുതിയ ആളായാലും കോൺഗ്രസിന്റെ മൊത്തം കടിഞ്ഞാൺ രാഹുലിന്റെ കൈകളിലായിരിക്കും. അദ്ധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും പാർലമെന്ററി പാർട്ടി നേതൃത്വമെങ്കിലും രാഹുൽ ഏറ്രെടുക്കുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ കരുതിയിരുന്നത്. എന്നാൽ പാർലമെന്റി പാർട്ടി നേതൃത്വത്തിലിരിക്കുന്നതിനെക്കാൾ നല്ലത് പൂർണസമയം ജനസമ്പർക്കമായിരിക്കുമെന്നാണ് രാഹുൽ കണക്കുകൂട്ടുന്നതത്രേ.
മോദി - അമിത് ഷാ കൂട്ടുകെട്ട് ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ചതുപോലെ രാഹുലിനെ മുൻനിറുത്തി ഇമേജ് ബിൽഡിംഗ് നടത്തുകയും പാർട്ടിയുടെ നേതൃത്വം പ്രസിഡന്റ് വഹിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് പുതിയ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും സംസാരമുണ്ട്. രാഹുലിന്റെ നേതൃത്വത്തിൽ ജനസമ്പർക്കം, പ്രസിഡന്റിന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തനം, പാർലമെന്ററി പാർട്ടി നേതൃത്വത്തിന് കീഴിൽ പാർലമെന്റിലെ ഫലപ്രദമായ ഇടപെടൽ എന്നിവയാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. ജനകീയ പ്രക്ഷോഭം ഏറ്റെടുത്ത് നടത്തുകയാവും രാഹുൽ ഗാന്ധി ചെയ്യുകയെന്ന് പ്രമുഖനായ ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.
അതേസമയം, കേരളം ഒഴികെയുള്ള പല സംസ്ഥാനങ്ങളിലും കോൺഗ്രസ് സംഘടനാപരമായി ദുർബലമാണ് എന്നുള്ളതാണ് നേതൃത്വത്തെ അലട്ടുന്ന തലവേദന. വരാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൂടി തിരിച്ചടി നേരിട്ടാൽ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടും. അത് പരിഹരിക്കാനും മികച്ച വിജയം നേടാനും രാഹുൽ മാജിക് എന്താണെന്ന് കാത്തിരിക്കുകയാണ് നേതാക്കൾ.