nithesh-

ന്യൂഡൽഹി: ആളുകൾ നോക്കിനിൽക്കെ സർക്കാർ ഉദ്യോഗസ്ഥന്റെ ദേഹത്ത് ചെളിയും മണ്ണുമെറിഞ്ഞ് കോൺഗ്രസ് എം.എൽ.എയുടെ അതിക്രമം. കോൺഗ്രസ് എം.എൽ.എ നിതേഷ് നാരായൻ റാണെയും അനുയായികളും ചേർന്നാണ് ഒരു എൻജിനിയറുടെ ദേഹത്ത് ചെളിയൊഴിച്ചത്.

ഇതിന്റെ ദൃശ്യങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. സംഭവത്തിൽ നിതേഷ് റാണയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു.

മുംബയ്-ഗോവ ഹൈവേയിലെ കങ്കവാലിയിലാണ് സംഭവം. പ്രദേശത്തെ ഒരു സർവീസ് റോഡിന്റെ പണി പൂർത്തീകരിക്കാൻ വൈകുന്നതായി ആരോപിച്ചായിരുന്നു എം.എൽ.എയുടെയും സംഘത്തിന്റെയും അതിക്രമം. ഒരു പാലത്തിനു സമീപം വച്ച് റാണെയും അനുയായികളും ബക്കറ്റിൽ ചെളി നിറച്ച് എൻജിനിയറായ പ്രകാശ് ഷേദേക്കറുടെ മേൽ ഒഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ എൻജിനിയറെ പാലത്തിൽ കെട്ടിയിടുകയും ചെയ്തു. എൻജിനിയറെ റാണെയും കൂട്ടരും തെറിവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ചെളിയെറിയാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതും ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ നാരായൻ റാണെയുടെ മകനാണ്‌ നിതേഷ് റാണെ. നേരത്തേ കോൺഗ്രസ് നേതാവായിരുന്നു നാരായൺ റാണെ. ഇതിനുമുമ്പും ഇത്തരം അക്രമസംഭവങ്ങളിലൂടെ നിതേഷ് റാണെ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു യോഗത്തിനിടെ മുതിർന്ന സർക്കാരുദ്യോഗസ്ഥന് നേർക്ക് മത്സ്യമെറിയുകയായിരുന്നു അന്ന്.

മദ്ധ്യപ്രദേശ് ബി.ജെ.പി എം.എൽ.എ ആകാശ് വിജയ വർഗീയയുടെ നേതൃത്വത്തിൽ സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവരികയും വലിയ വിവാദമുയർത്തുകയും ചെയ്തതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം,​ അനീതി കാട്ടുന്നത്,​ ആരായാലും ആരുടെ മകനായാലും നടപടിയെടുക്കുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. മദ്ധ്യപ്രദേശിലെ ബി.ജെ.പിയുടെ ദേശീയ സെക്രട്ടറി കൈലാഷ് വിജയ വർഗീയയുടെ മകനാണ് ആകാശ്.

 വെള്ളക്കെട്ടിനും മർദ്ദനം

മുംബയിൽ കനത്ത മഴയെത്തുടർന്ന്, താമസസ്ഥലത്തെ പാർക്കിംഗ് ഏരിയയിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു കോർപറേഷൻ ജീവനക്കാരനെ പ്രദേശവാസികൾ ചേർന്ന് മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. മുംബയിലെ ഗണേഷ് നഗറിലാണ് താമസക്കാരായ ചിലർ യുവാവിനെ മർദ്ദിച്ചത്. വെള്ളത്തിനടിയിലായ ഇടങ്ങളിലൊക്കെ വെള്ളം നീക്കംചെയ്യുന്ന ജോലി പൂർത്തിയായതായി ഇയാൾ സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായാണ് താമസക്കാർ യുവാവിനെ അക്രമിച്ചത്.