കൊൽക്കത്ത: ജഗന്നാഥ രഥയാത്രയിൽ ശ്രദ്ധാകേന്ദ്രമായി തൃണമൂൽ കോൺഗ്രസ് എം.പി നുസ്രത് ജഹാൻ. കൊൽക്കത്തയിലെ ഇസ്കോൺ ക്ഷേത്രത്തിലെ ജഗന്നാഥ രഥയാത്രയിലാണ് നുസ്രത് ജഹാൻ എം.പിയെ മുഖ്യമന്ത്രി മമത ബാനർജി വിശിഷ്ടാതിഥിയാക്കിയത്. എല്ലാ മതങ്ങളേയും താൻ ഒരുപോലെ ബഹുമാനിക്കുന്നുവെന്നും നുസ്രത് ജഹാൻ രഥയാത്രയിൽ പങ്കെടുത്ത ശേഷം പ്രതികരിച്ചത്. നേരത്തെ കുങ്കുമവും മംഗല്യസൂത്രവും ധരിച്ച് പാർലമെന്റിൽ എത്തിയതിന്റെ പേരിൽ നുസ്രത് ജഹാന് മേൽ ഫത്വ പുറപ്പെടുവിച്ചിരുന്നു.
ചടങ്ങിനോടനുബന്ധിച്ച് ആരതിയും പൂജയും നടത്തിയാണ് നുസ്രത് മടങ്ങിയത്. ഇതിന് രാഷ്ട്രീയ മാനങ്ങൾ നൽകേണ്ടതില്ലെന്നും ഞാനൊരു ഇസ്ലാം മതവിശ്വാസിയാണ്. വിശ്വാസം ഉള്ളിൽ നിന്നുണ്ടാവുന്നതാണെന്നും നുസ്രത് ജഹാൻ പറഞ്ഞു. എല്ലാ വർഷവും മുഖ്യമന്ത്രി മമത ബാനർജി ഉദ്ഘാടനം ചെയ്യാറുള്ള രഥയാത്രയാണിത്.
ഇതരമതസ്ഥനെ വിവാഹം ചെയ്തതിനും ഇസ്ലാമിക ആചാരത്തിന് വിരുദ്ധമായി പെരുമാറിയതിനും നുസ്രത്തിനെതിരെ ബംഗാളിലെ ഇസ്ലാം പുരോഹിതര്‍ ഫത്വയും ഇറക്കി.താൻ എന്ത് ധരിക്കണമെന്ന് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നായിരുന്നു നുസ്രത് അന്ന് പ്രതികരിച്ചത്. നുസ്രത്തിനെ പിന്തുണച്ച് എം.പിയും സിനിമാതാരവുമായ മിമി ചക്രവർത്തിയും രംഗത്തെത്തിയിരുന്നു.