nir

 ബഡ്‌ജറ്റിൽ പ്രതീക്ഷിക്കുന്നത് ഒട്ടേറെ നികുതിയിളവുകൾ

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം ജി.ഡി.പിയുടെ 10.9 ശതമാനമായി കുറഞ്ഞുവെന്ന സാമ്പത്തിക സർവേയിലെ പരാമർശത്തിന്റെ പശ്‌ചാത്തലത്തിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്. ബഡ്‌ജറ്റിൽ പ്രതീക്ഷിക്കുന്നതാകട്ടെ വൻതോതിൽ നികുതിയിളവുകളും!

ആദായ നികുതി സ്ളാബ് പരിഷ്‌കരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പീയുഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബഡ്‌ജറ്രിൽ അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതി അടയ്‌ക്കുന്നതിൽ നിന്ന് റിബേറ്റ് പ്രഖ്യാപിച്ച് ഒഴിവാക്കിയിരുന്നു. അതേസമയം നികുതി സ്ളാബുകൾ പരിഷ്‌കരിച്ചതുമില്ല. ഫലത്തിൽ, ഒരാളുടെ വരുമാനം അഞ്ചുലക്ഷം രൂപ കടന്നാൽ, അയാൾ രണ്ടരലക്ഷം രൂപ മുതൽക്കുള്ള വരുമാനത്തിന് നികുതി നൽകണം. ഈ പ്രതിസന്ധി ഒഴിവാക്കാനായി ആദായ നികുതി ഇളവിന്റെ പരിധി (ആദ്യ സ്ളാബ്) രണ്ടരലക്ഷം രൂപയിൽ നിന്ന് മൂന്നുലക്ഷമോ അധിലധികോ ആയി ഉയർത്തിയേക്കും.

ആദായ നികുതി നിയമത്തിലെ സെക്‌ഷൻ 80 സി പ്രകാരമുള്ള നികുതിയിളവ് നിലവിൽ ഒന്നര ലക്ഷം രൂപയാണ്. 2014-15 മുതൽ ഇതു പരിഷ്‌കരിച്ചിട്ടില്ല. ഇടത്തട്ടുകാർക്ക് കൂടുതൽ ആശ്വാസം പകരാനായി ഇളവ് ഒന്നരലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം അല്ലെങ്കിൽ രണ്ടരലക്ഷം രൂപവരെയായി ഉയർത്തിയേക്കും. ഇളവുവഴി ജനങ്ങളുടെ കൈവശം കൂടുതൽ പണമെത്തുന്നത് വിപണിയിലും ചലനമുണ്ടാക്കും. ഇത്, വാണിജ്യ-വ്യവസായ മേഖലയ്ക്ക് നേട്ടമാകും. നിലവിൽ ഭവന വായ്‌പാ പലിശയ്‌ക്ക് കേന്ദ്രസർക്കാർ നൽകുന്ന ഇളവ് രണ്ടുലക്ഷം രൂപയാണ്. ഇത് മൂന്നുലക്ഷമോ നാലുലക്ഷം രൂപയോ ആയി ഉയർത്തിയേക്കും. വ്യക്തികൾക്കും റിയൽ എസ്‌റ്രേറ്ര് മേഖലയ്‌ക്കും കരുത്തേകുന്ന നീക്കമായിരിക്കും ഇത്.

കുറയ്‌ക്കണം കോർപ്പറേറ്റ് നികുതി

കോർപ്പേറേറ്റ് നികുതി നിലവിലെ 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയ്‌ക്കണമെന്ന ആവശ്യം ശക്തമാണ്. കോർപ്പറേറ്റ് നികുതി ഘട്ടംഘട്ടമായി 25 ശതമാനമാക്കുമെന്ന് 2014-15ലെ ബഡ്‌ജറ്റിൽ ധനമന്ത്രി അരുൺ ജയ്‌റ്ര്‌ലി വ്യക്തമാക്കിയിരുന്നു. ആഗോളതലത്തിൽ കോർപ്പറേറ്റ് നികുതി ശരാശരി 23.6 ശതമാനമാണ്.

2015-16ലെ ബഡ്‌ജറ്റിൽ ഏതാനും ആഭ്യന്തര മാനുഫാക്‌ചറിംഗ് കമ്പനികൾക്ക് മാത്രം കടുത്ത നിബന്ധനകളോടെ നികുതി 25 ശതമാനമാക്കിയിരുന്നു. 2018-19ലെ ബഡ്‌ജറ്റിൽ 250 കോടി രൂപ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്കും നികുതി 25 ശതമാനമായി കുറച്ചു. എന്നാൽ, എല്ലാവിഭാഗം കമ്പനികൾക്കും നികുതി 25 ശതമാനമായി ഏകീകരിക്കണമെന്നാണ് ഉയർന്നിട്ടുള്ള ആവശ്യം. നിർമ്മല സീതാരാമൻ ഇതിന് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷകൾ.

വീണ്ടും വരുമോ

എസ്‌റ്രേറ്ര് നികുതി?

പ്രായോഗികമല്ലെന്ന് വിലയിരുത്തി 1985ൽ ഉപേക്ഷിച്ച ഇൻഹെറിറ്റൻസ് നികുതി അഥവാ എസ്‌റ്രേറ്ര് നികുതി നിർമ്മല സീതാരാമൻ വീണ്ടും കൊണ്ടുവന്നേക്കും. അതിസമ്പന്നരെ മാത്രം ലക്ഷ്യമിടുന്ന നികുതിയാണിത്. സർക്കാർ പണക്കാരെ മാത്രം പിഴിയുന്നു എന്ന 'പ്രതീതി" ഉയർത്തുകയും ഈ നികുതി കൊണ്ടുവരുന്നതിലൂടെ സൃഷ്‌ടിക്കാമെന്ന ചിന്ത ധനമന്ത്രാലയത്തിനുണ്ട്.

പാരമ്പര്യമായി കിട്ടുന്ന സമ്പത്തിന്മേൽ ഏർപ്പെടുത്തുന്ന നികുതിയാണിത്. പത്തുകോടി രൂപയോ അതിനു തുല്യമായ ആസ്‌തികളോ കിട്ടുന്നവർക്കുമേൽ നികുതി ഏർപ്പെടുത്താനാണ് സാദ്ധ്യത. 40 ശതമാനം വരെ നികുതി പ്രതീക്ഷിക്കാം. അതായത്, 100 കോടി രൂപ മൂല്യമുള്ള സ്വത്ത് ഒരാൾക്ക് പാരമ്പര്യമായി കിട്ടിയാൽ 40 കോടി രൂപവരെ നികുതി അടയ്‌ക്കേണ്ടി വരും.