sopna-nair

ദുബായ്: അബുദാബിയിൽ വച്ച് നടന്ന നറുക്കെടുപ്പിൽ 22.40 കോടി രൂപ സമ്മാനമായി നേടി മലയാളി വനിത സ്വപ്ന നായർ. 12 ദശലക്ഷം യു.എ.ഇ ദിർഹമാണ് ഭാഗ്യദേവത സ്വപ്നയുടെ കൈകളിലേക്ക് എത്തിച്ചത്. അബുദാബി എയർപോർട്ടിലെ ലോട്ടറി സ്ഥാപനമായ ബിഗ് ടിക്കറ്റിന്റെ 'ദ ഡ്രീം 12 മില്ല്യൺ സീരിസി'ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് കൊല്ലം സ്വദേശിയായ സ്വപ്ന ഇത്രയും പണം സമ്മാനമായി നേടുന്നത്. 217892 എന്ന നമ്പർ ടിക്കറ്റ് ആയിരുന്നു സ്വപ്നയുടെ കൈവശം ഉണ്ടായിരുന്നത്.

ഒൻപത് വർഷ കാലത്തോളമായി യു.എ.യിൽ തന്റെ കുടുംബത്തോടൊപ്പം താമസിക്കുകയാണ് സ്വപ്ന നായർ. സമ്മാനം അടിച്ച ഉടനെ തന്നെ ആരെങ്കിലും പറ്റിക്കുകയാണോ എന്നായിരുന്നു സ്വപ്നയുടെ പ്രതികരണം. എന്നാൽ സംഗതി സത്യമാണെന്ന് മനസിലാക്കിയ സ്വപ്നയ്ക്ക് ആവേശം അടക്കാനായില്ല. ജീവിതത്തിൽ ആദ്യമായാണ് തനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നതെന്നും ടിക്കറ്റ് നമ്പർ ഒന്നുകൂടി പരിശോധിക്കണമെന്നും സ്വപ്ന മത്സര അധികൃതരോട് ആവശ്യപ്പെട്ടു. ജൂൺ ഒൻപതിനാണ് സ്വപ്ന ലോട്ടറി ടിക്കറ്റ് എടുത്തത്. ബിഗ് ടിക്കറ്റിൽ ആദ്യ ഏഴ് സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്. ഇതിൽ ഭൂരിഭാഗം പേരും മലയാളികളുമാണ്.

പാകിസ്ഥാൻ പൗരനായ സയീദ് ഷഹബാദ് അലിയാണ് രണ്ടാം സമ്മാനം കൈക്കലാക്കിയത്. 1,00,000 ദിർഹമാണ് സയീദിന്റെ കൈകളിലേക്ക് എത്തിയത്. ഹോസെ ആന്ദ്രേ ഗോമസ് ആന്ദ്രേ സാന്റയിൻ പെരേര ഗോമസ്(90,000 ദിർഹം), സുരേഷ് എടവന(80,000 ദിർഹം), മാത്യു വർഗീസ്(70,000 ദിർഹം), രാധ കൃഷ്ണ കേസനി(60,000 ദിർഹം), സുനിൽ കുമാർ(20,000 ദിർഹം), നിഖാത് ഖന്ന(50,000 ദിർഹം) എന്നിവരാണ് സമ്മാനങ്ങൾ നേടിയ മറ്റ് ഇന്ത്യക്കാർ.