budget

ന്യൂഡൽഹി: ഒന്നാം മോദി സർക്കാരിനെ അലട്ടിയ രൂക്ഷമായ തൊഴിലില്ലായ്‌മ കുറയ്‌ക്കാൻ തൊഴിലവസരങ്ങൾ ഏറെയുള്ള ചെറുകിട വ്യവസായങ്ങൾ ഉൾപ്പെടെയുള്ള മേഖലകൾക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്രബഡ്‌ജറ്റിൽ പ്രതീക്ഷിക്കാം. തൊഴിലില്ലായ്‌മ 45 വർഷത്തെ ഉയർന്ന നിരക്കായ ആറു ശതമാനമാണ് ഇപ്പോൾ.

ആദായ നികുതിയിൽ ഇളവനുവദിച്ച്, ജനങ്ങളുടെ സമ്പാദ്യം ഉയർത്താനും അതുവഴി വാങ്ങൽശേഷി വർദ്ധിപ്പിക്കാനും നടപടിയുണ്ടാകും. വാങ്ങൽ ച്ചെലവിലുണ്ടായ ഇടിവാണ് കഴിഞ്ഞവർഷം ജി.ഡി.പി 6.8 ശതമാനത്തിലേക്ക് കൂപ്പുകുത്താനുള്ള മുഖ്യകാരണം. വിലത്തകർച്ചയും കടക്കണിയും മൂലം അസ്വസ്‌ഥമായ കാർഷിക മേഖലയ്‌ക്കും ബഡ്‌ജറ്റിൽ പ്രത്യേക കരുതൽ ഉണ്ടാകും.

മുഖ്യ പ്രതീക്ഷകൾ

 കാർഷിക മേഖലയ്‌ക്ക് കൂടുതൽ ആനുകൂല്യങ്ങൾ. പി.എം. കിസാൻ സമ്മാൻ നിധി ആനുകൂല്യം 8,000 രൂപയാക്കിയേക്കും. പദ്ധതിയിലൂടെ കർഷകർക്ക് പെൻഷനും.

 കർഷകർക്ക് പലിശരഹിത കിസാൻ ക്രെഡിറ്റ് കാർഡുവഴി ഒരുലക്ഷം വരെ വായ്‌പ

 ആരോഗ്യ മേഖലയ്ക്ക് കൂടുതൽ തുക

 അടിസ്ഥാന സൗകര്യ മേഖലയിലെ പുതിയ കമ്പനികൾക്ക് ആദ്യ 3-5 വർഷത്തേക്ക് സമ്പൂർണ നികുതി റിബേറ്റ്

 വ്യക്തികൾക്ക് രണ്ടാമത്തെ വീടിന്റെ വാടക വരുമാനത്തിന് നികുതിയിളവ്

 ഭവന വായ്‌പാ പലിശയിളവ് രണ്ടുലക്ഷത്തിൽ നിന്ന് മൂന്നുലക്ഷമാക്കും

 30% കോർപ്പറേറ്ര് നികുതി 25 % ആയി കുറച്ചേക്കും

കൂടുതൽ ബാങ്കുകളുടെ ലയനം

 വിദേശ നിക്ഷേപം വർദ്ധിപ്പിക്കാൻ എഫ്.ഡി.ഐ ചട്ടങ്ങളിൽ ഇളവ്

 ആദായ നികുതി കിഴിവ് പരിധി 2.5ലക്ഷത്തിൽ നിന്ന് 3 ലക്ഷം ആക്കിയേക്കും

 80 സി പ്രകാരമുള്ള നികുതിയിളവ് ഒന്നരലക്ഷത്തിൽ നിന്ന് രണ്ടുലക്ഷം രൂപയാക്കിയേക്കും

 സമ്പന്നർക്ക് എസ്‌റ്റേറ്റ് നികുതി ( ഇൻഹെറിറ്റൻസ് നികുതി ) വീണ്ടും കൊണ്ടുവന്നേക്കും