'സ്ത്രീ ശാക്തീകരണത്തിന്റെ പേരിലുള്ള കോപ്രായങ്ങളിൽ നിന്നും കെട്ടുകാഴ്ചകളി'ൽ നിന്നും വ്യത്യസ്തമായി താൻ കണ്ട കാഴ്ച പങ്കുവെച്ചുകൊണ്ട് മാദ്ധ്യമപ്രവർത്തകൻ വി.ആർ സത്യദേവ്. തിരുവനന്തപുരത്തെ കിഴക്കേകോട്ട ബസ് സ്റ്റാൻഡിലെ തിരക്കിനിടയിലാണ് വിജയകുമാരി എന്ന വനിതാ ബസ് ഡ്രൈവർ സത്യദേവിന്റെ കണ്ണിൽ പെട്ടത്. വിദഗ്ധവും അനായാസവുമായി ബസിനെ വിജയകുമാരി കൈകാര്യം ചെയ്യുന്ന രീതി സത്യദേവിനെ ആകർഷിച്ചു. നിരവധി വനിതാ ബസ് കണ്ടക്ടർമാരെയും, ടാക്സി, ഓട്ടോ ഡ്രൈവർമാരെയും താൻ കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു വനിതാ ബസ് ഡ്രൈവറെ താൻ കാണുന്നതെന്ന് ഇദ്ദേഹം പറയുന്നു. തുടർന്ന് KL 21 A 2779 എന്ന നമ്പറിലുള്ള വിജയകുമാരിയുടെ വിവേകാനന്ദ ബസിലേക്ക് സത്യദേവ് ചെല്ലുകയും ഈ 'പെൺപുലിയെ' പരിചയപ്പെടുകയും ഒരു സെൽഫി എടുക്കുകയും ചെയ്തു.
സത്യദേവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
"വിജയകരം ഈ സ്ത്രീ ശാക്തീകരണം
തിരക്കേറിയ തിരുവനന്തപുരം കിഴക്കേകോട്ട ബസ് സ്റ്റാൻഡിലേക്ക് വീശിയെടുത്ത് ഒതുക്കിയ ബസിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞത് ആ ഡ്രൈവിംഗിന്റെ വൃത്തികൊണ്ടു തന്നെയായിരുന്നു. അളന്നു മുറിച്ചതു പോലുള്ള പാർക്കിംഗ്.
KL 21 A 2779 വിവേകാനന്ദ ബസ്. ഡ്രൈവിംഗ് സീറ്റിൽ ഒരു വനിതയാണ്. വനിതാ ബസ് കണ്ടക്ടർമാരെയും ടാക്സി, ഓട്ടോ സാരഥീ മണികളെയും കണ്ടിട്ടുണ്ടെങ്കിലും ഒരു വനിതാ ബസ് ഡ്രൈവറെ നേരിൽ കാണുന്നത് ആദ്യം. അടുത്തുചെന്ന് പരിചയപ്പെട്ടു.
ഇത് വിജയകുമാരി. ആറു വർഷമായി വിജയകരമായി വിവേകാനന്ദയുടെ വളയം പിടിക്കുന്നു. വണ്ടിയെടുക്കുന്ന തിരക്കിലായതിനാൽ കൂടുതൽ പരിചയപ്പെടലിന് സമയം തികഞ്ഞില്ല. പക്ഷേ എന്റെ അഭ്യർത്ഥന സ്വീകരിച്ച് നിറഞ്ഞ പുഞ്ചിരിയോടേ ഒരു സെൽഫിക്കും പോസു ചെയ്യാൻ മനസ്സു കാട്ടി വിജയകുമാരിയെന്ന ഈ മഹിള.
സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ കോപ്രായങ്ങളും കെട്ടുകാഴ്ചകളും വ്യർത്ഥ വാഗ്ദാനങ്ങളും അരങ്ങു തകർക്കുന്ന വർത്തമാനകാലത്ത് വനിതാ ശാക്തീകരണത്തിന്റെ വേറിട്ടതും ഉദാത്തവുമായ മാതൃക തന്നെയാണ് വിജയകുമാരിയും വിവേകാനന്ദയും.
ഉത്തിഷ്ഠത..! ജാഗ്രത..!
പ്രാപ്യാ വരാൻ നിബോധിത..!'