lawyer

ലണ്ടൻ: കൂടുതൽ മദ്യം കൊടുക്കാത്തതിന് എയർ‌ ഇന്ത്യ ജീവനക്കാരെ അധിക്ഷേപിച്ച് ജയിലിലായ ഐറിഷ് അഭിഭാഷക മരിച്ച നിലയിൽ. മനുഷ്യാവകാശ അഭിഭാഷക സിമോൺ ബേൺസ് (50) ആണു മരിച്ചത്. വംശീയാധിക്ഷേപ കേസിൽ യു.കെയിൽ ആറുമാസം ജയിലിൽ കഴിഞ്ഞ ഇവർ രണ്ടാഴ്ച മുമ്പാണ് മോചിതയായത്. ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച സിമോൺ ബേൺസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയകരമായി ഒന്നുമില്ലെന്നു പൊലീസ് അറിയിച്ചു. ആവശ്യപ്പെട്ട മദ്യം നൽകാത്തതിന് എയർ ഇന്ത്യ ജീവനക്കാരെ അസഭ്യം വിളിച്ച ഇവർ മുഖത്തു തുപ്പി ചീത്ത പറയുന്ന വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ വർഷം മുംബയിൽനിന്നു ലണ്ടനിലേക്കു പോയ വിമാനത്തിലാണു സംഭവം നടന്നത്. താൻ രാജ്യാന്തര പ്രശസ്തയായ ക്രിമിനൽ അഭിഭാഷകയാണ് എന്നു പറഞ്ഞായിരുന്നു സിമോൺ ജീവനക്കാരോടു തട്ടിക്കയറിയത്. വിമാനജീവനക്കാരുടെ പരാതിയെത്തുടർന്ന് ഹീത്രൂവിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.