എന്നൂർ-തൂത്തുക്കുടി പൈപ്പ്‌ലൈൻ പദ്ധതിക്ക് ₹6,000 കോടി ചെലവഴിക്കും
ചെന്നൈ: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) തമിഴ്‌നാട്ടിൽ 8,250 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നു. ചെന്നൈ എന്നൂരിൽ നിന്ന് തൂത്തുക്കുടി വരെ നീളുന്ന 1,250 കിലോമീറ്രർ പൈപ്പ്‌ലൈൻ പദ്ധതിക്കായി 6,000 കോടി രൂപ ചെലവഴിക്കുമെന്ന് ഐ.ഒ.സി തമിഴ്‌നാട്-പുതുച്ചേരി മേഖലാ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പി. ജയദേവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
250 കോടി രൂപ ചെലവഴിച്ച് ബോട്ട്‌ലിംഗ് പ്ളാന്റുകൾ വിപുലീകരിക്കും. വിഴുപുരം അസനൂരിൽ 470 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ ടെർമിനൽ 2021 ജൂണിൽ പ്രവർത്തനസജ്ജമാകും. 75 ഏക്കറിലാണ് പദ്ധതി ഒരുക്കുന്നത്. എന്നൂർ തുറമുഖത്തിന് സമീപം വള്ളൂരിൽ 700 കോടി രൂപയുടെ പുതിയ ടെർമിനലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. സേലത്ത് 90 കോടി രൂപ നിക്ഷേപത്തോടെ നിർമ്മിച്ച ബോട്ട്‌ലിംഗ് പ്ളാന്റിൽ വാണിജ്യോത്‌പാദനത്തിന് തുടക്കമായി.
എന്നൂർ, മധുര, ഈറോഡ്, തിരുച്ചിറപ്പള്ളി, പുതുച്ചേരി ബോട്ട്‌ലിംഗ് പ്ളാന്റുകളിലായി സംഭരണശേഷി 6,000 മെട്രിക് ടൺ ഉയർത്തിയിട്ടുണ്ട്. മൊത്തം 2.38 കോടി എൽ.പി.ജി ഉപഭോക്താക്കൾ തമിഴ്‌നാട്ടിലുണ്ട്. ഇതിൽ, 1.36 ലക്ഷം പേർ ഇന്ത്യൻ ഓയിൽ ഉപഭോക്താക്കളാണ്. സംസ്‌ഥാനത്തെ 1,598 കൊമേഴ്‌സ്യൽ എൽ.പി.ജി വിതരണക്കാരിൽ 851 പേരും ഐ.ഒ.സിയുടെ ഒപ്പമാണ്. പുതിയ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്കായി 2,227 മേഖലകളിൽ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ ഓയിൽ 876 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ സൗരോർജ പദ്ധതി നടപ്പാക്കിയെന്നും ഇതിൽ 221 എണ്ണം ഗ്രാമീണ മേഖലകളിലാണെന്നും പി. ജയദേവൻ പറഞ്ഞു. മേട്ടുപ്പാളയത്തെ ഇന്ത്യൻ ഓയിൽ ഔട്ട്‌ലെറ്റിൽ ഹൈസ്‌പീഡ് ഡീസൽ പരീക്ഷണ അടിസ്ഥാനത്തിൽ നൽകിത്തുടങ്ങിയിട്ടുണ്ട്. 2020 ഏപ്രിൽ മുതൽ ബി.എസ്-6 അധിഷ്‌ഠിത മാർഗനിർദേശം നടപ്പാകുന്നതിന്റെ പശ്‌ചാത്തലത്തിലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.