ന്യൂഡൽഹി: ആസാമിൽ കോൺഗ്രസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് രാജിവച്ചു. കോൺഗ്രസ് അദ്ധ്യക്ഷപദവിയിൽ നിന്ന് രാഹുൽ ഗാന്ധി ഔദ്യോഗികമായി രാജിവച്ചതിന് പിന്നാലെയാണ് പാർട്ടിയിൽ വീണ്ടും രാജികൾ തുടർക്കഥയാകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് സംഭവിച്ച കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്ന് റാവത്ത് ട്വിറ്ററിൽ കുറിച്ചു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി കൂടിയായ ഹരീഷ് റാവത്ത് അഞ്ചുതവണ പാർലമെന്റ് അംഗമായിട്ടുണ്ട്. രണ്ടാം യുപിഎ സർക്കാരിൽ ജലവിഭവ മന്ത്രിയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നൈനിറ്റാളിൽ നിന്ന് മത്സരിച്ചെങ്കിലും , ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡന്റ് അജയ് ഭട്ടിനോട് മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾക്ക് തോൽക്കുകയായിരുന്നു.