കൊച്ചി: പുതിയ സീസണിനായി ഒരു ഗോൾകീപ്പറെ കൂടി ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കോഴിക്കോട് സ്വദേശിയായ 26കാരൻ ഷിബിന്‍ രാജ് കുന്നിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ച പുതിയ താരം. ടീമിലെത്തുന്ന മൂന്നാമത്തെ ഗോൾകീപ്പറാണ് ഷിബിൻ. ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സായിയുടെ ഭാഗമായി 2007ലാണ് ഷിബിൻ ഫുട്‌ബാൾ കരിയർ ആരംഭിക്കുന്നത്. 2009ൽ ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് ആദ്യമായി കളത്തിലിറങ്ങി. 2010ൽ കൊൽക്കത്തയിൽ നടന്ന ബിസി റോയ് ട്രോഫിയിൽ കേരള ടീമംഗമായിരുന്നു 2010ൽ ചൈനയിൽ നടന്ന മത്സരത്തിൽ19വയസിൽ താഴെയുള്ളവരുടെ ദേശീയ ടീമിൽ കളിച്ചു. 2011ൽ സ്‌കോളർഷിപ്പോടെ എയർഫോഴ്‌സിൽ ചേർന്നു.
തുടർന്ന് സർവീസസ് ടീമിന്റെ ഭാഗമാവുകയും സന്തോഷ് ട്രോഫി നേടുകയും ചെയ്തു. 2016ൽ മോഹൻ ബഗാനിലെത്തി. 2018ൽ ഗോകുലം എഫ്.സിയിൽ ചേർന്ന് 11 മത്സരങ്ങളിൽ ടീമിനെ നയിക്കുകയും ചെയ്തു.