binoy-kodiyeri

മുംബയ്: ബീഹാർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബയ് പൊലീസിന് മുന്നിൽ ഹാജരായി. അഭിഭാഷകനൊപ്പം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയിയെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകണം.

പീഡനക്കേസിൽ കഴിഞ്ഞ ദിവസമാണ് ബിനോയ് കോടിയേരിക്ക് മുംബയ് ദിൻഡോഷി കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. പൊലീസ് ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധനയ്ക്കായി ബിനോയ് രക്തസാമ്പിൾ നൽകണമെന്നും എല്ലാ തിങ്കളാഴ്ചയും ഓഷിവാര സ്‌റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ബിനോയിയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ മേൽക്കോടതിയെ സമീപിക്കുന്നതിൽ യുവതിയുടെ കുടുംബം ഇന്ന് തീരുമാനമെടുക്കും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്.