asha-sarath

'എവിടെ' സിനിമയുടെ പ്രചരണാർത്ഥം ഫേസ്‍ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടതിന് ആരാധകർക്ക് വിശദീകരണം നൽകി നടി ആശാ ശരത്. ചിലർക്ക് വീഡിയോയുടെ കാര്യത്തിൽ ആശങ്ക ഉണ്ടായിട്ടുണ്ടെങ്കിൽ തനിക്ക് അതിൽ വിഷമമുണ്ടെന്ന് പറഞ്ഞാണ് ആശാ ശരത് സംഭവം വിശദീകരിച്ചത്.
വീഡിയോ പൂർണമായും കണ്ടവർക്ക് അതിന്റെ സത്യാവസ്ഥ മനസിലാകുമെന്നും അതൊരു പ്രൊമോഷൻ വീഡിയോ മാത്രമാണെന്നും ആശാ ശരത് പറഞ്ഞു.

'അത് റെക്കോർഡ് ചെയ്ത വീഡിയോ ആയിരുന്നു. തീർത്തും പ്രമോഷന്റെ ഭാഗമായി ചെയ്തത്. പടത്തിലെ കഥാപത്രമായ ജെസ്സി വന്ന് സംസാരിക്കുന്നത് പോലെയാണ് ആ വീഡിയോ ഷൂട്ട് ചെയ്തത്. ജെസ്സിയുടെ വേഷത്തിലും മേക്കപ്പിലുമാണ് ഞാൻ അതിൽ വന്നത്. തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. പത്ത് മിനിറ്റ് നേരം മാത്രം സംഭവിച്ച കൺഫ്യൂഷൻ ആയിരുന്നു അത്. അപ്പോൾ തന്നെ ഞാൻ പ്രൊമോഷൻ വീഡിയോ എന്ന് മുകളിൽ കൊടുത്തു.
ഞാൻ കട്ടപ്പനക്കാരിയല്ല. എന്റെ ഭർത്താവ് ഇൻസ്ട്രുമെന്റസ് വായിക്കുന്ന ആളല്ല. ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടെങ്കിൽ ഞാനത് ആദ്യം പൊലീസിനോടാകും പറയുക.' ആശ ശരത് പറഞ്ഞു.

ഈ സംഭവവുമായി ബന്ധപ്പെടുത്തി തന്റെ ഭർത്താവിന്റെ ഫോട്ടോ ഉപയോഗിച്ച് വരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്നും എന്നാൽ അക്കാര്യത്തിൽ തനിക്ക് ഒരു ആകുലതയും ഇല്ലെന്നും ആശ ശരത് വ്യക്തമാക്കി. ഒരു ഫോൺ കൈയിലുള്ളവർക്ക് എന്തും ചെയ്യാം. അതൊന്നും ശ്രദ്ധിക്കാൻ എനിക്ക് പറ്റില്ല. താൻ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിട്ടുള്ള ആളല്ല. നടി പറയുന്നു.

ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെടാനുള്ള തീരുമാനം സിനിമയുടെ സംവിധായകനും അണിയറ പ്രവർത്തകരും ഒന്നിച്ച് ആലോചിച്ചെടുത്തതാണെന്നും പ്രമോഷണൽ വീഡിയോ ആണ് അത് എന്നുള്ള കാര്യം വീഡിയോയോടൊപ്പം പരാമർശിച്ചിരുന്നുവെന്നും ആശ ശരത് പറയുന്നു.ഭർത്താവിനെ കാണാതായ കാര്യം പറയുമ്പോൾ 'സക്കറിയ' എന്നുള്ള പേര് താൻ എടുത്ത് പറയുന്നുണ്ടെന്നും സിനിമയിലെ കഥാപാത്രമായി മാത്രമാണ് താൻ വീഡിയോയിൽ വന്നതെന്നും അവർ വിശദീകരിച്ചു.

എന്നാൽ സിനിമ പ്രമോഷന്റെ പേരിൽ സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനെകൂടി ഉൾപ്പെടുത്തി വ്യാജപ്രചരണം നടത്തിയ താരത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകനും, വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ സ്വതന്ത്രനായി മത്സരിച്ച ശ്രീജിത് പെരുമനയാണ് ആശ ശരത്തിനെതിരെ ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഫേസ്ബുക്കിലൂടെ ഈ വിവരം അഭിഭാഷകൻ പങ്കുവയ്ക്കുകയും ചെയ്തു.