കൊച്ചി: ഒമാൻ ആസ്ഥാനമായുള്ള അറബ് വേൾഡ് റെസ്‌റ്റോറന്റ് ശൃംഖല ഇന്ത്യയിലുമെത്തുന്നു. ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ സിഗ്‌നേച്ചർ ഫാമിലി റെസ്‌റ്രോറന്റ് എറണാകുളം ദേശാഭിമാനി ജംഗ്‌ഷനിൽ പ്രവർത്തനം ആരംഭിച്ചു. തനത് അറബ് രുചിഭേദങ്ങളാണ് ഗ്രൂപ്പ് നൽകുന്നത്. മസ്‌കറ്രിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ഷെഫ് ആണ് തനത് ഒമാൻ വിഭവങ്ങൾ തയ്യാറാക്കുന്നത്.
പ്രവാസി വ്യവസായിയും തലശേരി സ്വദേശിയുമായ റഷീദ് ഉസ്‌മാൻ 35 വർഷം മുമ്പ് തുടക്കമിട്ടതാണ് അറബ് വേൾഡ് റെസ്‌റ്റോറന്റ്. മസ്‌കറ്റിൽ മാത്രം 18 ശാഖകളുണ്ട്. അദ്ദേഹത്തിന്റെ സ്‌പോൺസർ ആയിരുന്ന മുഹമ്മദ് സയീദ് ഖൽഫാൻ ആണ് ചെയർമാൻ. ഗ്രൂപ്പ് ഡയറക്‌ടറും ചെയർമാന്റെ മകനുമായ നയീം മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലാണ് ഗ്രൂപ്പിന്റെ വികസന പ്രവർത്തനമെന്ന് മാനേജിംഗ് ഡയറക്‌ടർ റഷീദ് ഉസ്‌മാൻ, ഡയറക്‌ടർ മുഹമ്മദ് റനീസ്, യൂസഫ് ഹാജി, ടി.കെ.സി ഷഫീഖ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഗൾഫിലെ മുൻനിര വിരുന്ന് സത്കാര ബ്രാൻഡായ അമാക്കെൻ കാറ്ററിംഗ് സ്ഥാപനങ്ങളുടെയും ടി.കെ.സി റെസ്‌റ്രോറന്റ് ശൃംഖലയുടെയും നേതൃത്വം വഹിക്കുന്ന യൂസഫ് ഹാജി, ടി.കെ.സി ഷഫീക്ക്, ടി.കെ.സി ഷിഹാബുദ്ദീൻ, ഷാനിദ് റഹ്‌മാൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇന്ത്യയിലെ പ്രവർത്തനം. ഗ്രൂപ്പിന് കീഴിൽ മസ്‌കറ്റിൽ ഹൈപ്പർ മാർക്കറ്റുകൾ, ദുബായിൽ കോഫീറ്റീ ഫ്യൂഷൻ കഫേ, കേരളത്തിൽ മസ്‌കറ്റ് ജുവലറി എന്നിവയും പ്രവർത്തിക്കുന്നുണ്ട്.