ന്യൂഡൽഹി: പ്ലസ് വൺ വിദ്യാർത്ഥിനിയോട് യുവാക്കൾക്ക് തോന്നിയ പ്രണയം അവസാനിച്ചത് ഒരാളുടെ അരുംകൊലയിൽ. വസീർപൂരിലാണ് ത്രികോണപ്രണയം പത്തൊൻപതുകാരന്റെ ജീവനെടുത്തത് . വസീർപുരിൽ താമസിക്കുന്ന അജയ്‌കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അജയിന്റെ സുഹൃത്ത് അർകിത് (22) അറസ്റ്റിലായി. പെൺകുട്ടിയെകൊണ്ട് അജയിനെ വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം പെൺകുട്ടിയും അർകിതും രക്ഷപ്പെട്ടു.
വസീർപുരിൽ രക്തത്തിൽ കുളിച്ചു കിടന്ന അജയിനെ വഴിയാത്രക്കാരൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർകിതിന്റെ വെടിയേറ്റാണ് അജയ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ അജയിനെ അർകിത് ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.
വസീർപുരിൽ അമ്മാവന്റെ വീട്ടിലാണ് അജയ് താമസിച്ചിരുന്നത്. സമീപത്തുള്ള സ്കൂളിലെ പെൺകുട്ടിയോട് ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. എന്നാൽ അജിത്തിന് പെൺകുട്ടിയോട് ഇഷ്ടമുണ്ടെന്ന് മനസിലാക്കിയ അർകിത് പെൺകുട്ടിയെ കൊണ്ടു തന്നെ ഇയാളെ സ്കൂളിനു സമീപത്തേക്കു വിളിച്ചു വരുത്തി. സ്കൂളിലെത്തിയ അജിത് അർകിതിനൊപ്പം പെൺകുട്ടിയെ കണ്ടതോടെ ക്ഷുഭിതനായി. തർക്കം മുറുകിയപ്പോൾ അർകിത് പത്തൊൻപതുകാരനെ വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്നു പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അജയ്‍യുടെ മൃതദേഹത്തിനു സമീപത്തുനിന്നും ലഭിച്ച കറുത്ത തൊപ്പിയാണ് അന്വേഷണത്തിന്റെ ഗതി മാറ്റിയത്. തൊപ്പിയുടെ ഉടമയെ പിന്തുടർന്നുള്ള അന്വേഷണം അർകിതിലേക്കെത്തുകയായിരുന്നു. പ്രതിയെയും പെൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.