muslim-league

കാസർകോട്: കാഞ്ഞങ്ങാട് മുസ്ളീം ലീഗുകാരുടെ വീട് കയറിയുള്ള ആക്രമണത്തിൽ അമ്മയും കുഞ്ഞും ഉൾപ്പെടെയുള്ള വീട്ടുകാർക്ക് പരിക്കേറ്റു. പുതിയകോട്ടയിലെ ടൗൺഹാൾ പരിസരത്ത് താമസിക്കുന്ന അബ്‌ദുൾ ഹമീദ്, ഭാര്യ കുഞ്ഞിപാത്തു, മകൻ അബ്‌ദുൾ ബാസിദ്, മകൾ ഷർബാനു, മൂന്ന് വയസുള്ള പേരമകൻ എന്നിവരെയാണ് ലീഗുകാർ ആക്രമിച്ചത്. പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.

ലീഗിന്റെ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റും നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എം.പി ജാഫർ, ജനറൽ സെക്രട്ടറി അബ്‌ദുൽ റഹ്‌മാൻ എന്നിവരാണ് അക്രമികൾക്ക് നേതൃത്വം നൽകിയത്. ആക്രമണത്തിൽ പരിക്കേറ്റ അബ്‌ദുൾ ഹമീദിന്റെ വീടിനു അടുത്തായി ലീഗിന്റെ ഓഫീസിന് വേണ്ടി മൂന്ന് സെന്റ് സ്ഥലം വാങ്ങിയിരുന്നു. എന്നാൽ ഇവിടേക്ക് പോകാൻ ഹമീദിന്റെ വീട് വഴിയല്ലാതെ വേറെ വഴിയില്ല. ഇതിന്റെ പേരിൽ ഇവർ തമ്മിൽ കേസ് നിലവിലുണ്ട്.

വഴിക്ക് വേണ്ടി വീട്ടുകാരുമായി പാർട്ടിക്കാർ തർക്കത്തിലായിരുന്നു. ഇതിന്റെ പേരിൽ വീട്ടുകാരെ ഇവർ നിരന്തം ഭീഷണിപ്പെടുത്തുകയും ഇവർക്കുമേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. കേസിൽ ലീഗുകാർ കക്ഷി ചേർന്ന് കോടതിയിൽ നിന്നും കമീഷനേയും വച്ചിരുന്നു. കമീഷന്റെ അന്വേഷണം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തങ്ങളെ ഇവർ ആക്രമിച്ചതെന്ന് വീട്ടുകാർ പറയുന്നു. എന്നാൽ വീട്ടുകാർ തങ്ങളെയാണ് ആക്രമിച്ചതെന്ന് പറഞ്ഞുകൊണ്ട് ജാഫറും അബ്‌ദുൾ റഹ്‌മാനും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.