kejriwal-

ന്യൂഡൽഹി: ഡൽഹിയിൽ സ്കൂൾ കെട്ടിട നിർ‌മ്മാണത്തിൽ വ്യാപകമായി അഴിമതി നടന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പോസ്റ്ററുകൾ. കെജ്‌രിവാളിനെ പെരുങ്കള്ളനെന്ന് വിശേഷിപ്പിച്ചാണ് ഡൽഹിയിൽ പോസ്റ്ററുകൾ പതിച്ചത്. ശിരോമണി അകാലിദൾ എം.എൽ.എ മഞ്ജീന്ദർ സിംഗ് സിർസയുടെ നേതൃത്വത്തിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഡൽഹിയിലെ ബി.ജെ.പി ഓഫീസിന്റെ പരിസരങ്ങളിലാണ് ബുധനാഴ്ചയോടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

സത്യസന്ധനായ നേതാവെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഒരാൾ ഇപ്പോൾ പെരുങ്കള്ളനായി മാറിയിരിക്കുകയാണെന്ന് പോസ്റ്ററിൽ പറയുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ 25 ലക്ഷം രൂപ ചെലവിലാണ് സ്‌കൂളുകളിൽ ക്ലാസ് മുറികൾ നിർമ്മിച്ചുനൽകിയത്. എന്നാൽ യഥാർത്ഥത്തിൽ ഒരു ക്ലാസ് റൂമിന്റെ നിർമ്മാണച്ചെലവ് അഞ്ച് ലക്ഷം രൂപ മാത്രമാണെന്നും പോസ്റ്റരിൽ പറയുന്നു. നിറയെ പണമുള്ള ചാക്കും പിടിച്ച് നില്‍ക്കുന്ന അരവിന്ദ് കെജ്‌രിവാളിന്റെ കാരിക്കേച്ചറും പോസ്റ്ററിലുണ്ട്.

ഡൽഹിയിൽ സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചതിൽ രണ്ടായിരം കോടി രൂപയുടെ അഴിമതി നടന്നതായി ബി.ജെ.പി ഡൽഹി പ്രസിഡന്റും .മനോജ് തിവാരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.