narendra-modi

ന്യൂഡൽഹി: ബി.ജെ.പി നേതാക്കളെല്ലാം വിവാദങ്ങളിൽ നിന്നും അകന്ന് നിൽക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശാസനയെ ഗൗനിക്കാതെ മദ്ധ്യപ്രദേശിലെ ബി.ജെ.പി എം.എൽ.എ. തന്റെ സഹപ്രവർത്തകനെ ജയിലിൽ നിന്നും രക്ഷിച്ചെടുക്കാൻ ചോര ചിതറിക്കാൻ വരെ താൻ ഒരുക്കമാണ് എന്നായിരുന്നു അമർപ്പത്താൻ നിയമസഭാ മണ്ഡലത്തിൽ നിന്നുമുള്ള രാംഖേൽവാൻ പട്ടേലിന്റെ പ്രസ്താവന. വിവാദങ്ങളിൽ നിന്നും മാറി നിൽക്കണമെന്നുള്ള മോദിയുടെ നിർദ്ദേശം വന്ന് ഏതാനും മണിക്കൂറുകൾക്കുളിലാണ് രാം ഈ പ്രസ്താവന നടത്തിയത്.

രാംഖേൽവാന്റെ സുഹൃത്തും പാർട്ടിയിൽ സഹപ്രവർത്തകനായ രാം സുശീൽ പട്ടേലിനെ നഗരത്തിലെ ചീഫ് മുനിസിപ്പൽ ഓഫീസറെ ആക്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാത്ന ജില്ലയിലുള്ള രാം നഗറിൽ വച്ച് നടന്ന ഒരു പൊതു ചർച്ചയിലാണ് രാം സുശീൽ പട്ടേൽ സി.എം.ഒ ആയ ദേവ്രതൻ സോണിയെ മർദിച്ചത്. സുഹൃത്തിനെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നാണ് രാംഖേൽവാൻ പറയുന്നത്.

'ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു. ചോര ഒഴുക്കേണ്ടി വന്നിട്ടായാലും രാം സുശീലിനെ ജയിലിൽ നിന്നും പുറത്തിറക്കും. അതിനു വേണ്ടി ബി.ജെ.പി ചോര ചിന്താൻ ഒരുക്കമാണ്. രാം സുശീലിനെ ഞങ്ങൾ പുറത്ത് കൊണ്ടുവരും.' ഇങ്ങനെയായിരുന്നു രാംഖേൽവാന്റെ വാക്കുകൾ. ഇയാളുടെ പരാമർശത്തെവിമർശിച്ച് ജില്ലാ പ്രസിഡന്റ് നരേന്ദ്ര തൃപാഠി ഉൾപ്പെടെ മൂന്ന് ബി.ജെ.പി നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.

ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ബി.ജെ.പി നേതാക്കൾ വിവാദങ്ങളിൽ ചെന്ന് പെടാതെ ശ്രദ്ധിക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയത്. ബി.ജെ.പി എം.പിമാരെയും നേതാക്കളെയും സ്വന്തം വസതിയിലേക്ക് വിളിച്ച് വരുത്തിയായിരുന്നു മോദി ഈ നിർദ്ദേശം നൽകിയത്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നും പാർലമെന്റിൽ കൃത്യമായി ഹാജരാകണമെന്നും തങ്ങളുടെ മണ്ഡലങ്ങൾക്ക് ആവശ്യമായ ശ്രദ്ധ നൽകണമെന്നും പ്രധാനമന്ത്രി ഇവരോട് പറഞ്ഞിരുന്നു.