നാനാത്വത്തിൽ ഏകത്വമെന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയസവിശേഷത.പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ചിഹ്നങ്ങളും അവയുടെ പ്രത്യേകതകളും അടുത്തറിയാം
മൃഗം
കടുവയാണ് നമ്മുടെ ദേശീയ മൃഗം. 1972 വരെ സിംഹമായിരുന്നു. ആ വർഷം ചേർന്ന വൈൽഡ് ലൈഫ് ബോർഡാണ് കടുവയ്ക്ക് ഈ പദവി നൽകിയത്. ബംഗ്ളാദേശിന്റെ ദേശീയ മൃഗവും കടുവ തന്നെ. കടുവകളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ 1973 ഏപ്രിലിൽ തുടങ്ങിയതാണ് പ്രോജക്ട് ടൈഗർ.
പക്ഷി
നമ്മുടെ ദേശീയപക്ഷി മയിൽ. 1963-ലാണ് മയിലിന് ഈ പദവി ലഭിച്ചത്. ഒറീസയുടെ സംസ്ഥാന പക്ഷി കൂടിയാണ് മയിൽ. കേരളത്തിലെ ആദ്യ മയിൽ സംരക്ഷണ കേന്ദ്രം ചൂളനൂരിലാണ്. ആൺ മയിലുകളുടെ വർണ ഭംഗിയാർന്ന പീലികളാണ് ദേശീയ പക്ഷി പദവിയിലെത്തിച്ചത്.
പുഷ്പം
താമരയാണ് നമ്മുടെ ദേശീയ പുഷ്പം. വിയറ്റ്നാമിന്റെ ദേശീയ പുഷ്പവും താമര തന്നെ. ഇന്ത്യയിൽ താമരയ്ക്കായി പ്രശസ്തമായൊരു ക്ഷേത്രമുണ്ട്. ലോട്ടസ് ടെമ്പിൾ. ഡൽഹിയിലാണ് ഈ ക്ഷേത്രം.
ദേശീയ ഗാനം
ജനഗണമനയാണ്നമ്മുടെ ദേശീയ ഗാനം. 1950 ജനുവരി 24ന് ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടു. രവീന്ദ്രനാഥ ടാഗോർ രചിച്ച അഞ്ചു ഖണ്ഡങ്ങളുള്ള ഗാനത്തിന്റെ ആദ്യ ഖണ്ഡികയാണ് നമ്മുടെ ദേശീയ ഗാനം. 1911 ഡിസംബർ 27ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ വച്ചാണ് ആദ്യമായി ആലപിച്ചത്. 1919ൽ ടാഗോർ തന്നെ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി. ബംഗ്ളാദേശിന്റെ ദേശീയഗാനം രചിച്ചതും ടാഗോറാണ്.
പൈതൃകജീവി
ഇന്ത്യയുടെ ദേശീയ പൈതൃകജീവി ആനയാണ്. 2010 ഒക്ടോബറിലാണ് ആനയെ ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിച്ചത്. ഏഷ്യൻ ആനയുടെ വിഭാഗത്തിൽപ്പെടുന്ന ഇന്ത്യൻ ആനയാണ് ദേശീയ പൈതൃക ജീവിയെന്ന വിശേഷണത്തിന് അർഹം. കേരളം, കർണാടകം, ജാർഖണ്ഡ്, ഒറീസ എന്നീ സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗവും ആനയാണ്. ആനകളുടെ സംരക്ഷണത്തിനായി 1991 - 92ൽ പ്രോജക്ട് എലിഫെന്റ് പദ്ധതി തുടങ്ങി.
നദി
ഗംഗയാണ് നമ്മുടെ ദേശീയ നദി. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയായ ഗംഗയുടെ നീളം 2510 കിലോമീറ്റർ. ഹിമാലയത്തിലെ ഗോമുഖിൽ നിന്നാണ് ഭാഗീരഥി, ജാഹ്നവി എന്നൊക്കെ പേരുള്ള ഗംഗയുടെ ഉത്ഭവം ബംഗ്ളാദേശിലെ സുന്ദർബെൻ ഡൽറ്റയിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
ജലജീവി
ഗംഗാ ഡോൾഫിനാണ് നമ്മുടെ ദേശീയ ജലജീവി. 2009ൽ ഗംഗാ ഡോൾഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചു. ശുദ്ധജലത്തിൽ മാത്രം ജീവിക്കുന്ന ഈ ഡോൾഫിനെ സുസു, ഹിഹു എന്നും വിളിപ്പേരുകളുണ്ട്. ഗംഗ, മേഘ്ന, ബ്രഹ്മപുത്ര നദികളിൽ കാണപ്പെടുന്നു.
വൃക്ഷം
നമ്മുടെദേശീയ വൃക്ഷം ആൽമരമാണ്. ശാസ്ത്രീയ നാമം Ficus benghalensis. ലോകത്തെ ഏറ്റവും വലിയ ആൽമരങ്ങളിലൊന്ന് ഹൗറയിലെ ഇന്ത്യൻ ബൊട്ടാണിക് ഗാർഡനിലാണ്.
കായിക വിനോദം
ഹോക്കിയാണ് നമ്മുടെ ദേശീയ കായിക വിനോദം. ഒളിമ്പിക്സിൽ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം എട്ടുതവണ സ്വർണം നേടിയിട്ടുണ്ട്.
ഗീതം
വന്ദേമാതരമാണ്നമ്മുടെ ദേശീയ ഗീതം. ബങ്കിംചന്ദ്ര ചാറ്റർജിയാണ് രചിച്ചത്. അദ്ദേഹത്തിന്റെ ആനന്ദ്മഠ് എന്ന നോവലിലെ ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡികകളാണിത്. 1896ൽ കൊൽക്കത്തയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ടാഗോറാണ് ആദ്യമായി വന്ദേമാതരം ആലപിച്ചത്.
ഫലം
മാങ്ങയാണ് നമ്മുടെ ദേശീയ ഫലം. പഴങ്ങളുടെ രാജാവെന്നാണ് മാങ്ങയെ വിശേഷിപ്പിക്കുന്നത്. മാങ്ങയെന്ന മലയാളം വാക്കിൽ നിന്നാണ് മാംഗോ എന്ന ഇംഗ്ളീഷ് വാക്കുണ്ടായത്. ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ ഉത്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യ തന്നെ. പാകിസ്ഥാന്റെ ദേശീയ ഫലവും മാങ്ങയാണ്. മാങ്ങ കയറ്റുമതിയിൽ ഒന്നാം സ്ഥാനം പാകിസ്ഥാൻ.
ദേശീയപതാക
ത്രിവർണപതാകയാണ് നമ്മുടേത്. മുകളിൽ കുങ്കുമം, നടുക്ക് വെള്ള, താഴെ പച്ച എന്നിങ്ങനെയാണ് ദേശീയ പതാകയിലെ നിറങ്ങൾ. 1947 ജൂലായ് 22ന് ഭരണഘടനാ നിർമ്മാണ സമിതി ദേശീയ പതാകയ്ക്ക് അംഗീകാരം നൽകി. ആന്ധ്ര സ്വദേശി പീംഗാലി വെങ്കയ്യയാണ് ദേശീയ പതാകയുടെ ശില്പി.
ദീർഘചതുരാകൃതിയിലുള്ള ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം3 :2 ആണ്. പതാകയുടെ മദ്ധ്യത്തിൽ നാവിക നീലനിറമുള്ള 24 ആരക്കാലുകളുള്ള അശോകചക്രമുണ്ട്. ധർമ്മചക്രം എന്നും ഇതിനെ പറയാറുണ്ട്. സാരാനാഥിലുള്ള അശോക സ്തംഭത്തിൽ നിന്നാണ് അശോകചക്രം സ്വീകരിച്ചിരിക്കുന്നത്. ഖാദി തുണിയിൽ വേണം ദേശീയ പതാകയുണ്ടാക്കാൻ. രാജ്യത്തെ ഏക അംഗീകൃത പതാക നിർമ്മാണശാല കർണാടകത്തിലെ ഹൂബ്ളി.
കുങ്കുമനിറം നിസംഗതയെസൂചിപ്പിക്കുന്നു. വെള്ളനിറം വെളിച്ചത്തെ. പച്ചനിറം മണ്ണിനോടുള്ള നമ്മുടെ ബന്ധത്തെ. അശോക ചക്രം ധർമ്മനിയമത്തിന്റെ ചക്രമാണ്. സമാധാനപൂർണമായ മാറ്റത്തിന്റെ ചലനാത്മകതയെ അതു സൂചിപ്പിക്കുന്നു.