ബഡ്ജറ്റ് അവതരണത്തിന് മുൻപേ വിപണിയിൽ ആവേശം സെൻസെക്സ് 40,000 കടന്നു
ബഡ്ജറ്റ് അവതരണത്തിന് മുൻപേ വിപണിയിൽ ആവേശം സെൻസെക്സ് 40,000 കടന്നു
ബജറ്റ് അവതരണത്തിന് മുന്നോടിയായി ഓഹരി വിപണിയിൽ മുന്നേറ്റം, മുംബയ് ഓഹരി സൂചികയായ സെൻസെക്സ് 124 പോയ്ന്റ് ഉയർന്ന് 40,031.81 പോയിന്റിലെത്തി. ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 35 പോയിന്റ് നേട്ടത്തിൽ 11,982 ലാണിപ്പോൾ. രാജ്യത്തെ സാമ്പത്തിക വളർച്ചയെ പുരോഗതിയുടെ പാതയിലേക്ക് തിരികെ കൊണ്ട് വരുവാനുള്ള പദ്ധതികൾ ബഡ്ജറ്റിലുണ്ടാവുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയിലെ ആവേശത്തിന് കാരണമെന്ന് കരുതുന്നു.
Union Budget 2019_LIVE കീഴ്വഴക്കം തെറ്റിച്ച് നിർമ്മല സീതാരാമൻ, ബ്രീഫ്കേസിന് പകരം ചുവന്നതുണിയിൽ പൊതിഞ്ഞ് ബഡ്ജറ്റ് രേഖകൾ
സാധാരാണയായി ധനമന്ത്രിമാർ ബഡ്ജറ്റ് രേഖകൾ തുകലിനാൽ നിർമ്മിച്ച ബ്രീഫ്കേസിലാണ് കൊണ്ട് വരുന്നത്. തലമുറകളുടെ ഈ ആചാരം ധനമന്ത്രി ഒഴിവാക്കി. ധനമന്ത്രാലയത്തിൽ നിന്നും ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാനായി അദ്ദേഹത്തിന്റ ഔദ്യോഗിക വസതിയിലേക്ക് ചുവന്ന പട്ടിൽ പൊതിഞ്ഞാണ് ബഡ്ജറ്റ് രേഖകൾ നിർമല സീതാരാമൻ കൊണ്ട് പോയത്. മിനിട്ടുകൾക്കകം നിർമലയുടെ കൈയ്യിലെ പട്ടുപൊതിയിലെ മാജിക് ലോക്സഭയിൽ തുറന്ന് അവതരിപ്പിക്കും.
Union Budget 2019_LIVE ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതിയെ സന്ദർശിക്കുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് രാവിലെ 11ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ 'ഫുൾടൈം വനിതാ ധനമന്ത്രി'യും രണ്ടാമത്തെ വനിതാ ധനമന്ത്രിയുമാണ് നിർമ്മല. 1970 ഫെബ്രുവരി 28ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബഡ്ജറ്ര് അവതരിപ്പിച്ചിരുന്നു. ധനമന്ത്രിയുടെ അധികച്ചുമതലയാണ് ഇന്ദിര വഹിച്ചത്.
രാജ്യം നേരിടുന്ന ഒട്ടേറെ വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളാണ് നിർമ്മലാ സീതാരാമന്റെ ബഡ്ജറ്റിൽ ഏവരും ഉറ്റുനോക്കുന്നത്. 2025ഓടെ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്വ്യവസ്ഥയാക്കി വളർത്തണമെങ്കിൽ ശരാശരി എട്ട് ശതമാനം ജി.ഡി.പി വളർച്ച വേണമെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം വളർച്ച 6.8 ശതമാനമായിരുന്നു. സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനമേകുന്ന പ്രഖ്യാപനങ്ങൾ ബഡ്ജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.