stock

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ഫുൾ ബഡ്‌ജറ്റ് നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുകയാണ്. നടപ്പുവർഷത്തേക്കുള്ള ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരിയിൽ അന്നത്തെ ഇടക്കാല ധനമന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിച്ചിരുന്നു. പതിവിന് വിപരീതമായി ഇടക്കാല ബഡ്ജറ്റ് തന്നെ ഫുൾ ബഡ്ജറ്റ് ആയിരുന്നു. ഈ ബഡ്ജറ്റ് നിർദ്ദേശങ്ങളെ മുൻനിറുത്തിയായിരുന്നു പൊതുതിരഞ്ഞെടുപ്പിനെ പ്രധാനമന്ത്രി മോദിയും സംഘവും നേരിട്ടത്. ധനമാനേജ്മെന്റിനായി വിവരിച്ച ബഡ്ജറ്റിലെ നയപരിപാടികളും നിർദ്ദേശങ്ങളും ഭൂരിപക്ഷം ജനങ്ങൾക്കും - വിശിഷ്യാ സാധാരണക്കാരന് - ഇഷ്ടപ്പെട്ടു എന്നതാകണം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്. മധ്യനിരയിലും താഴെത്തട്ടിലുമുള്ള കർഷകർക്ക് മൂന്നു തവണകളിലായി 6000 രൂപ ധനസഹായമായി നൽകും എന്ന വാഗ്ദാനം സാധാരണക്കാരെ നന്നായി ആകർഷിച്ചു.

ഒപ്പം, നിയമപരമായ നിക്ഷേപങ്ങളിലൂടെയുള്ള സമ്പാദ്യം ജനങ്ങളിൽ വളർത്തുന്നതിനായി അഞ്ച് ലക്ഷം രൂപവരെ നികുതിവലയത്തിൽ നിന്നും മോചിപ്പിക്കാമെന്ന തീരുമാനവും പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു. പ്രോവിഡന്റ് ഫണ്ട് നിക്ഷേപം, ലൈഫ് ഇൻഷുറൻസ് പ്രീമിയം എന്നിവയിലെ നിക്ഷേപം തുടങ്ങിയ ഇനങ്ങളിലെ ഒന്നരലക്ഷം രൂപയും സ്റ്റാൻഡേർഡ് ഡിഡക്ഷൻ അരലക്ഷം രൂപയും മറ്റ് ഇളവുകളും ഒക്കെ കുറവ് ചെയ്തതിനുശേഷം അഞ്ചുലക്ഷം രൂപയിൽ താഴെയാണ് നികുതി ബാദ്ധ്യതയുള്ള വരുമാനമെങ്കിലാണ് പരമാവധി 12500 രൂപവരെ റിബേറ്റ് ആനുകൂല്യം ലഭ്യമാക്കി നികുതി വലയത്തിൽ നിന്നും ഒഴിവാകുന്നത്. അതേസയമം, നികുതി ബാദ്ധ്യതയുള്ള വരുമാനം ഇളവുകൾ പ്രയോജനപ്പെടുത്തിയതിനു ശേഷവും അഞ്ചുലക്ഷം രൂപയ്ക്ക് മീതെയെങ്കിൽ നികുതി കിഴിവ് ലഭ്യമാകില്ല. ഇതുകൊണ്ടുതന്നെ ഇടത്തരം വരുമാനക്കാർക്ക് ശമ്പള വർദ്ധനവിലൂടെയും ക്ഷാമബത്താ വർദ്ധനവിലൂടെയും ശമ്പളവരുമാനം ഉയർന്ന സാഹചര്യത്തിൽ നികുതി ഒഴിവാക്കിയ വരുമാനത്തുക രണ്ടരലക്ഷത്തിൽ നിന്നും മൂന്ന് ലക്ഷമെങ്കിലും ആയി ഉയർത്തണമെന്നും അഞ്ചുശതമാനം നികുതി നിരക്ക് പത്തുലക്ഷം വരെയുള്ള വരുമാനത്തുകയ്ക്ക് ബാധകമാക്കണമെന്നും പൊതുവേ ആവശ്യമുയർന്നിട്ടുണ്ട്. 20 ശതമാനമെന്ന നികുതിനിരക്ക് ഇരുപതുലക്ഷം വരെയുള്ള വരുമാനത്തുകയ്ക്ക് ആക്കി മാറ്റണമെന്നും ഇതോടൊപ്പമുള്ള ആവശ്യമാണ്.

വ്യക്തിഗത നികുതിദായകർക്ക് മൊത്തം വരുമാനത്തിൽ നിന്ന് സ്റ്റാൻഡേർഡ് ഡിഡക്ഷൻ അനുവദിക്കുന്നത് ശമ്പള വരുമാനക്കാർക്ക് 50,000 രൂപ എന്ന് ഇടക്കാല ബഡ്ജറ്റിൽ ഉയർത്തിയിരുന്നു. അതേസമയം വക്കീൽ, ഡോക്ടർ തുടങ്ങിയ പ്രൊഫഷണലുകൾക്ക് മൊത്തം വരുമാനത്തിന്റെ 50 ശതമാനം സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉണ്ട്. ഇക്കൂട്ടർ, തൊഴിലിടത്തിന്റെ വാടകയും സ്റ്റേഷനറി ഇനത്തിലും മറ്റുമുള്ള ചെലവുകളും സ്വയം വഹിക്കേണ്ടിവരുന്നു എന്നതിനാലാണ് 50 ശതമാനം ഇളവ് നൽകുന്നത്. ശമ്പള വരുമാനക്കാർക്ക് യാത്രാച്ചെലവ് മാത്രമേ തൊഴിൽ സംബന്ധമായി സ്വയം വഹിക്കേണ്ടിവരുന്നുള്ളൂ എന്നതിനാലാണ് ഈ അന്തരം നിലനിൽക്കുന്നത് എന്ന വിശദീകരണമാണ് ധനമന്ത്രാലയത്തിനുള്ളത്. എന്നാൽ വിലവർദ്ധന കണക്കിലെടുത്ത് വരുമാനത്തിന്റെ നിശ്ചിത ശതമാനമാക്കി മാറ്റണമെന്ന ഒരു നിർദ്ദേശം ഉയർന്നുവന്നിട്ടുണ്ട്. ഇതേപോലെ ഔഷധങ്ങളുടെയും ചികിത്സയുടെയും ചെലവിൽ വർദ്ധന വന്നതു കണക്കിലെടുത്ത് മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം 25,000 രൂപയിൽ നിന്ന് 35,000 രൂപവരെയെങ്കിലുമാക്കി മാറ്റണമെന്നും ആവശ്യമുണ്ട്.

ആദായ നികുതി ഇളവുകളും കിഴിവുകളും ഉയർത്തിയാൽ റവന്യൂ വരുമാനം കുറയുമെന്നത് സർക്കാരിന് തലവേദനയാണ്. ഇലയ്ക്കും മുള്ളിനും കേടുവരാത്തവിധം ഇക്കാര്യം ധനമന്ത്രി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്നുവർഷം പൂർത്തിയാക്കുന്ന ചരക്കു സേവന നികുതി നിയമ സംവിധാനം പ്രതീക്ഷിച്ച നിലയിലേക്ക് വരികയാണ്. നടപടിക്രമങ്ങൾ സംബന്ധിച്ചുള്ള വ്യാപകമായ പരാതികൾ കണക്കിലെടുത്ത് ഫുൾ ബഡ്ജറ്റിൽ നൂതന ക്രമീകരണങ്ങൾക്കായി വ്യാപാരി സമൂഹവും ഉപഭോക്തൃ സമൂഹവും കാത്തിരിക്കുകയാണ്. എന്നാൽ, എല്ലാ ചരക്ക് - സേവന ഇനങ്ങൾക്കും ഒരേയൊരു നികുതി നിരക്ക് എന്ന നിർദ്ദേശം ഉയർന്നുവന്നിട്ടുള്ളത് ഇന്ത്യയിൽ പ്രായോഗികമല്ല. സാധാരണയിൽ താഴ്ന്ന വരുമാനക്കാർ ഭൂരിപക്ഷ ജനങ്ങളായി അധിവസിക്കുന്ന നമ്മുടെ രാജ്യത്ത് പൂർണമായ നികുതിയിളവും താഴ്ന്ന നിരക്കും നിർബന്ധമായി തുടരേണ്ടതുണ്ട്.

കേന്ദ്ര ധനമന്ത്രി നേരിടുന്ന കടുത്ത വെല്ലുവിളികൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിലവിലുണ്ട്. ഉയരുന്ന ധനക്കമ്മി, രൂക്ഷമായ തോതിലുള്ള തൊഴിലില്ലായ്മ, നിഷ്‌ക്രിയ ആസ്തികളിലെ വർദ്ധനവിലൂടെ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലുണ്ടായ മാന്ദ്യം, സ്വകാര്യ നിക്ഷേപങ്ങളിലെ ഇടിവ്., കയറ്റുമതി വ്യാപാരത്തിൽ ഉണർവ് കുറവ് തുടങ്ങിയ വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള കാതലായ നടപടികൾ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് അനിവാര്യമാണ്. ധനക്കമ്മി മൂന്ന് ശതമാനത്തിൽ ഒതുങ്ങേണ്ടത് സാമ്പത്തിക അച്ചടക്കത്തിന് ഒഴിവാക്കാനാവാത്ത സ്ഥിതിവിശേഷം നിലവിലുണ്ട്. അധിക വരുമാനം കണ്ടെത്തുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒാഹരി വിറ്റഴിക്കൽ കഴിഞ്ഞ കുറെ വർഷങ്ങളായി ആവർത്തിക്കുകയാണ്. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ, സ്വകാര്യ നിക്ഷേപത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ മോശപ്പെട്ട കാര്യം എന്നു പറയാനാവില്ല. എന്നാൽ, 51 ശതമാനം ഓഹരി എങ്കിലും സർക്കാർ ഉടമസ്ഥതയിൽ നിലനിറുത്തിയുള്ള ഓഹരി വിറ്റഴിക്കൽ സമൂഹത്തിന് കൂടുതൽ ഇഷ്ടപ്പെടും എന്നതിൽ സംശയമില്ല.

തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി സ്വകാര്യ മൂലധന നിക്ഷേപം ഉയർത്താനും നിക്ഷേപ സൗഹൃദ അന്തരീക്ഷം സംജാതമാക്കാനും ശ്രമം ഉണ്ടാകണം.

വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റം നിർദ്ദേശിച്ചുകൊണ്ട് കസ്തൂരിരംഗൻ കമ്മിഷൻ റിപ്പോർട്ട് ഇപ്പോൾ രാജ്യവ്യാപകമായി ചർച്ച ചെയ്യുകയാണ്. അത് രാജ്യപുരോഗതിക്ക് പ്രയോജനപ്പെടുത്താനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരത്തിലൂടെ കഴിയണം. അതിനായി കസ്തൂരിരംഗൻ റിപ്പോർട്ടിൽ നിർദ്ദേശിച്ചിരിക്കുന്നത് അനുസരിച്ചുള്ള ബഡ്ജറ്റ് വിഹിതം അത്യന്താപേക്ഷിതമാണ്. ബഡ്ജറ്റ് വിഹിതം നിലവിലുള്ള മൂന്ന് ശതമാനത്തിൽ നിന്നും ആറ് ശതമാനമായി ഉയർത്തണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം.

പ്രതിരോധ മന്ത്രിയെന്ന നിലയിൽ കാര്യക്ഷമത എല്ലാ വിഭാഗം ജനങ്ങളെയും ബോദ്ധ്യപ്പെടുത്തിയ മാന്യ വനിതയാണ് ധനമന്ത്രി എന്നത് ഏറെ പ്രതീക്ഷകൾക്ക് വക നൽകുന്നു. സാധാരണക്കാരെ കൈയിലെടുക്കാനും അവരുടെ വികാര വിചാരങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും പ്രത്യേക വൈഭവം അവർക്കുണ്ട്. തിരുവനന്തപുരത്തെ തീരപ്രദശങ്ങളിൽ കടൽക്ഷോഭം ഉണ്ടായപ്പോൾ തീരദേശവാസികൾ വൻ പ്രക്ഷോഭം നടത്തിയത് ഓർക്കുമല്ലോ: സംസ്ഥാന മന്ത്രിമാരെ സംഭവസ്ഥലം സന്ദർശിക്കാൻ പോലും ജനക്കൂട്ടം അനുവദിക്കാതിരുന്നപ്പോൾ അവിടെ ധൈര്യപൂർവം കടന്നുചെന്ന നിർമ്മലാ സീതാരാമൻ പ്രക്ഷോഭകാരികളെ മയക്കാൻ കാണിച്ച വിരുത് ആർക്കും മറക്കാനാവില്ല. ഇതേ വിരുത് 2019ലെ ഫുൾ ബഡ്ജറ്റിലും പ്രതീക്ഷിക്കുന്നു.