തിരുവനന്തപുരം : കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയമാണ് ബി.ജെ.പി സ്വന്തമാക്കിയത്. എന്നാൽ കേരളത്തിൽ നിന്ന് ഒരു സീറ്റ് പോലും നേടാൻ പാർട്ടിക്ക് സാധിച്ചുമില്ല. ഇപ്പോഴിതാ കേരളത്തിൽ പിടിമുറുക്കാൻ ക്രിസ്ത്യൻ, മുസ്ലിം പ്രവാസികളെ അനുഭാവികളോ അംഗങ്ങളോ ആക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. ആഗസ്റ്റ് 31നാണ് അംഗത്വ പ്രചാരണ പരിപാടി അവസാനിക്കുന്നത്. ഇതിനോടകം ഈ വിഭാഗങ്ങളിൽ നിന്നുള്ള പരമാവധി പ്രവാസികളെ ഉൾപ്പെടുത്താനാണ് നീക്കം.
വിദേശകാര്യ സഹമന്ത്രി എന്ന ചുമതല വി.മുരളീധരൻ നയിക്കുന്നത് അനുകൂല ഘടകമായി നേതാക്കൾ കാണുന്നു. ബി.ജെ.പി നേതാക്കളുടെ പ്രത്യേക സംഘം വിദേശത്ത് പോകും. കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അംഗത്വം നൽകുന്നതിലും പാർട്ടി മുൻഗണന നൽകുന്നുണ്ട്.
പാർട്ടിയുടെ ഭാരവാഹിത്വത്തിലേക്ക് എത്താനുള്ള മിനിമം യോഗ്യതയായി കാണുന്നത് പുതുതായി 25 പേരെയെങ്കിലും പാർട്ടിയിലേക്ക് കൊണ്ടുവരിക എന്നതാണ്. നിലവിൽ കേരളത്തിൽ നിന്ന് 15 ലക്ഷം ആളുകളാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തിരിക്കുന്നത്, ഇത് 30 ലക്ഷം ആക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം