തിരുവനന്തപുരം: റിമാൻഡിലായിരുന്ന രാജ്കുമാർ കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജിയെ കൊണ്ട് അന്വേഷിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുക. നിയമസഭയിൽ പ്രതിപക്ഷം കഴിഞ്ഞ ദിവസം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
സിറ്റിംഗ് ജഡ്‌ജിയെ വിട്ടു കിട്ടാൻ സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെടും. സിറ്റിംഗ് ജഡ്‌ജിയുടെ സേവനം ലഭ്യമല്ലെങ്കിൽ ജില്ലാ ജഡ്‌ജിയുടെ പദവിയിലുള്ളവരുടെ സേവനം തേടാനാണ് സർക്കാർ തീരുമാനം. രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷണ കമ്മിഷന്റെ പരിഗണനയ്ക്ക് വിടാനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഔദ്യോഗികമായി അറിയിക്കും.
അതേസമയം, രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽവച്ച് മർദ്ദിച്ചത് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നിർദ്ദേശപ്രകാരമാണെന്ന് അറസ്റ്റിലായ എസ്.ഐ കെ.എ. സാബു ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയതായി അറിയുന്നു. രണ്ടു ദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്ത് ജനങ്ങളിൽ നിന്ന് പിരിച്ച പണം എവിടെയെന്ന് കണ്ടെത്താൻ എസ്.പി നിർദ്ദേശിച്ചതായാണ് വിവരം. ഇക്കാര്യം ഡി.ഐ.ജിയെ അറിയിച്ചിട്ടുണ്ടെന്നും എസ്.പി പറഞ്ഞിരുന്നുവത്രേ. കട്ടപ്പന ഡിവൈ.എസ്.പിയെയും ഈ വിവരം അറിയിച്ചെന്ന് കെ.എ. സാബു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞു. കേസിലെ മറ്റ് രണ്ട് പ്രതികളായ പൊലീസുകാരാണ് സ്റ്റേഷനു മുകളിലെ വിശ്രമമുറിയിൽ രാജ്കുമാറിനെ മാറി മാറി മർദ്ദിച്ചതെന്ന് അറസ്റ്റിലായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ് ആന്റണി മൊഴി നൽകി.