മുംബയ്: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകർന്ന് 14 പേർ മരിച്ച സംഭവത്തിൽ ഡാമിൽ പൊട്ടലുണ്ടാക്കിയതിന് കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത് പറഞ്ഞു. അണക്കെട്ടിന് ചുറ്റും ഞണ്ടുകൾ കൂട്ടമായി കാണപ്പെടാറുണ്ടെന്നും അണക്കെട്ട് ഇവ തുരന്നതോടെയാണ് ചോർച്ച സംഭവിക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇവിടെ ചോർച്ചകളൊന്നും ഉണ്ടായിരുന്നില്ല. ഞണ്ടുകളുടെ കേന്ദ്രമായി മാറിയതിന് ശേഷമാണ് അണക്കെട്ടിൽ ചോർച്ചയുണ്ടായത്. നാട്ടുകാർ ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയും വകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നടന്ന സംഭവം ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. ഡാമിന്റെ നിർമ്മാണത്തിൽ അപാകതകൾ ഉള്ളതായി സമീപവാസികളിൽ നിന്ന് വിവരം ലഭിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. നേരത്തെ അണക്കെട്ടിന് ചോർച്ച ഉണ്ടായിരുന്നില്ലെന്നും ഞണ്ടുകൾ വർദ്ധിച്ചതോടെയാണ് ഡാമിന് ചോർച്ച സംഭവിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപകടത്തെ കുറിച്ച് വിശദമായ അന്വേഷിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. 12 ഓളം വീടുകളാണ് അപകടത്തിൽ ഒലിച്ചു പോയത്. മുംബയിലും പരിസര പ്രദേശങ്ങളിലും തുടരുന്ന കനത്ത മഴ പലയിടങ്ങളിലും ജനജീവിതം ദുരിതത്തിലാക്കിയിട്ടുണ്ട്. തിവാരി അണക്കെട്ട് തകർന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.