niramala-sitaraman-red-si

ന്യൂഡൽഹി: ഒരുപാട് വ്യത്യസ്ഥതകളുണ്ട് ഇത്തവണത്തെ കേന്ദ്ര ബഡ്‌ജറ്റിന്. നരേന്ദ്രമോദി രണ്ടാം വട്ടവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ബഡ്‌ജറ്റ്. ഇന്ദിരാഗാന്ധിക്ക് ശേഷം ഒരു മുഴുവൻ സമയ വനിതാ ധനകാര്യമന്ത്രി അവതരിപ്പിക്കുന്ന ബഡ്‌ജറ്റ് തുടങ്ങി നിരവധി പ്രത്യേകതകളുണ്ട് ഈ ബഡ്‌ജറ്റിന്. ഇപ്പോഴിതാ മറ്റൊരു പ്രത്യേകതയ്‌ക്കു കൂടി തുടക്കം കുറിച്ചിരിക്കുകയാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ. നൂറ്റാണ്ടുകളായി തുടർന്നു വന്നിരുന്ന ഒരു കീഴ്‌വഴക്കത്തെ അപ്പാടെ മാറ്റികൊണ്ടാണ് ആ തുടക്കമെന്നതും ഏടുത്തുപറയേണ്ടതാണ്. ഇനി എന്താണ് നിർമ്മലാ സീതാരാമൻ മറികടന്ന ആ കീഴ്‌വഴക്കമെന്ന് പറയാം.

സാധാരാണയായി ധനമന്ത്രിമാർ തുകൽ കൊണ്ട് നിർമ്മിച്ച ബ്രീഫ്കേസിലാണ് ബഡ്‌ജറ്റ് രേഖകൾ കൊണ്ടുവന്നുകൊണ്ടിരുന്നത്. ധനമന്ത്രാലയത്തിൽ നിന്നും ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാനായി അദ്ദേഹത്തിന്റ ഔദ്യോഗിക വസതിയിലേക്ക് എത്തിയ നിർമ്മല, ചുവന്ന പട്ടിൽ പൊതിഞ്ഞാണ് ബഡ്ജറ്റ് രേഖകൾ കൊണ്ടുവന്നത്. ഇതോടുകൂടി പതിനെട്ടാം നൂറ്റാണ്ടു മുതൽ തുടർന്നു വന്നിരുന്ന 'ആചാരത്തിനാണ് ' ധനമന്ത്രി സമാപ്‌തി കുറിച്ചത്.

'ബഹി ഖാത' എന്നാണ് ചുവന്ന പട്ടിൽ പൊതിഞ്ഞ ബഡ്ജറ്റ് അറിയപ്പെടുന്നത്. ലെഡ്‌ജർ അഥവാ കണക്കു പുസ്‌തകം എന്നതാണ് ഇതിന്റെ അർത്ഥം. 'ബഹി ഖാത' ഇന്ത്യൻ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. അടിമത്തം എന്ന പാശ്‌ചാത്യ ചിന്തകളിൽ നിന്നുള്ള മോചനമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1860ൽ ബ്രിട്ടീഷ് സാമ്പത്തിക വിദഗ്‌ദനായ വില്യം ഗ്ളാഡ്‌സ്‌റ്റോണാണ് ചുവന്ന ബ്രീഫ്‌കേസിൽ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ സുവർണ മുദ്രയോടു കൂടിയതായിരുന്നു ആ ബ്രീഫ്‌കേസ്. പിന്നീട് വർഷങ്ങൾക്കിപ്പുറം 1947ൽ ആർ.കെ ഷൺമുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിച്ചത്. തുടർന്ന് ജവർഹർലാൽ നെഹ്‌റു മുതൽ പീയുഷ് ഗോയൽ വരെയും ബ്രീഫ്‌കേസിനെ കൈവിടാൻ ഒരുക്കമായിരുന്നില്ല.

ഇനി ബഡ്‌ജറ്റ് എന്ന വാക്കു തന്നെ എവിടെനിന്നു വന്നു എന്ന് പറയാം. 'ബൊഗ്ഗേറ്റ് ' എന്ന ഫ്രഞ്ച് വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ബഡ്‌ജറ്റ്. ലെതർ ബാഗ് എന്നതാണ് ഇതിന്റെ അർത്ഥം.