pinarayi-

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ ഗുരുതരക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡൽഹി മെട്രോ പ്രിൻസിപ്പൽ അഡ്വൈസർ ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് അതീവ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. പാലത്തിന് 102 ആർ.സി.സി ഗഡ്ഡറുകളാണുള്ളത്. അതിൽ 97നും വിള്ളൽ വീണതായി കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് ചേർന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പാലാരിവട്ടം മേൽപ്പാലത്തിന് ഉപയോഗിച്ച കോൺക്രീറ്റ് നിലവാരം കുറഞ്ഞതാണ്. ഒരു പാലത്തിന് കുറഞ്ഞത് 100 വർഷമെങ്കിലും ആയുസ് വേണം. എന്നാൽ 20 വർഷത്തിൽ ഇല്ലാതാവുന്ന അപാകതകളാണ് പാലത്തിന്മേൽ നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിൽ കണ്ടെത്തിയത്. നിർമ്മാണ സാമഗ്രികൾക്ക് ആവശ്യമായ സിമന്റും കമ്പിയും വേണ്ട തോതിൽ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് കോൺക്രീറ്റിന് ആവശ്യമായ ഉറപ്പില്ലെന്ന് പഠനത്തിൽ കണ്ടെത്തിയെന്നും പുതുക്കി പണിയാൻ പത്തു മാസം സമയമെടുക്കുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.