കൊച്ചി: മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം രാഷ്ട്രീയ പ്രേരിതമെന്ന് ഹെെക്കോടതി. കേസ് പരിഗണിക്കവെ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ ഹെെക്കോടതി രൂക്ഷമായി വിമർശിച്ചു. ഫിറോസിന്റെ പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ് ഹെെക്കോടതിയിൽ ചൂണ്ടിക്കാട്ടി.
പിതൃസഹോദരപുത്രനായ കെ.ടി. അദീബിനെ സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജർ പദവിയിലിരിക്കുമ്പോഴാണ് ഡെപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനത്ത് നിയമിച്ചത്. ചട്ടങ്ങൾ മറികടന്ന് നിയമനം നടത്തിയെന്ന അരോപണവുമായി ഫിറോസാണ് രംഗത്തെത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ് അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വിവാദത്തെ തുടർന്ന് ടി.കെ അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിന്ന് രാജിവച്ചിരുന്നു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിവയ്‌ക്കുന്നതെന്ന് അദീബ് തന്റെ രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. നേരത്തെയും ഹെെക്കോടതി ഫിറോസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്ന് ഫിറോസിന് ജഡ്‌ജി മുന്നറിയിപ്പും നൽകിയിരുന്നു.