ന്യൂഡൽഹി: സഞ്ചാരികൾക്ക് സന്തോഷം നൽകുന്ന പദ്ധതിയുമായി രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്. ഇന്ത്യ മുഴുവനായി സഞ്ചരിക്കാൻ ഒറ്റ ട്രാവൽ കാർഡ് പദ്ധതിയാണ് ധനമന്ത്രി നിർമ്മല സീതാരാമന്റെ ബഡ്ജറ്റിലുള്ളത്. ഇതുകൂടാതെ റെയിൽവെ വികസനം വേഗത്തിലാക്കൻ പി.പി.പി പദ്ധതി ആവിഷ്കരിക്കുമെന്നും ഇന്ത്യയൊട്ടാകെ വൈദ്യുത വാഹനങ്ങൾ വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും തിരഞ്ഞെടുപ്പിലെ ജനവിധി കഴിഞ്ഞ സർക്കാരിന് ജനങ്ങൾ നൽകിയ അംഗീകരാമാണെന്നും ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. ജനങ്ങൾ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയുമാണ്. ശക്തമായ രാജ്യത്തിന് ശക്തനായ പൗരൻ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കും. പ്രവർത്തിക്കുന്ന സർക്കാരിനു വേണ്ടിയാണ് ജനവിധിയെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ നിർമ്മല സീതാരാമൻ പറഞ്ഞു.
2014ൽ 1.85 ട്രില്യൺ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യണിലെത്തി നിൽക്കുകയാണ്. ഈ വർഷം 3 ട്രില്യൺ ഡോളർ ലക്ഷ്യം കൈവരിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ സമ്പദ്ഘടന 5 ട്രില്യൺ ഡോളറിലെത്തും. തൊഴിലില്ലായ്മ പരിഹരിക്കാൻ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോൽസാഹനം നൽകും. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റൽ രംഗത്തും നിക്ഷേപം വർദ്ധിപ്പിക്കും. പരസ്പരം വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിദേശനിക്ഷേപം വർദ്ധിപ്പിക്കുമെന്നും സ്വകാര്യ മേഖലയ്ക്ക് ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്നും ധനമന്ത്രി പറഞ്ഞു.