padasaram-ksrtc

തിരുവനന്തപുരം: അൽപസ്വൽപം കടത്തിലും ഞെരുക്കത്തിലുമാണെന്നൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ് കാര്യം കേട്ടവർ ചോദിക്കുന്നത്. നമ്മുടെ സ്വന്തം കെ.എസ്.ആർ.ടി.സിയുടെ കാര്യമാണ് ഈ പറയുന്നത്. കളഞ്ഞു കിട്ടിയ ഒന്നരപവന്റെ പാദസരത്തിന് നാലായിരം രൂപയാണ് 'ആനവണ്ടി'ക്കാർ നോക്കുകൂലി വാങ്ങിയത്. കോതമംഗലം സ്വദേശിനിക്കാണ് ഭാഗ്യത്തെ നിർഭാഗ്യമാക്കി കെ.എസ്.ആർ.ടി.സി മാറ്റികൊടുത്തത്.

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനാണ് യുവതി തലസ്ഥാനത്തെത്തിയത്. തുടർന്ന് കണിയാപുരം ഡിപ്പോയിലെ ബസിൽ യാത്രചെയ്യുമ്പോൾ പാദസരം നഷ്‌ടമാവുകയായിരുന്നു. വിദ്യാർത്ഥിനി മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സ്വർണാഭരണം കണ്ടെടുത്ത് ഏല്പിച്ചത് ബസിലെ മറ്റൊരു യാത്രക്കാരിയാണ്. അവർ നൽകിയ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഉടമ വിവരം അറിഞ്ഞത്. ഇതിന് സഹായിച്ചതാകട്ടെ മ്യൂസിയം പൊലീസും.

എന്നാൽ കേവലം ഒരു ദിവസം ഡിപ്പോയിൽ സൂക്ഷിച്ചതിന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടതാകട്ടെ നാലായിരം രൂപയും. തീർന്നില്ല, നോട്ടക്കൂലിക്ക് പുറമെ 200 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലവും രണ്ട് ആൾജാമ്യവും ആവശ്യപ്പെട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ സുഹൃത്തുക്കളിൽനിന്ന് പണം കടംവാങ്ങിയാണ് വിദ്യാർത്ഥിനി കെ.എസ്.ആർ.ടി.സിയിൽ നിന്ന് സ്വന്തം മുതൽ തിരികെ വാങ്ങിയത്.

നോക്കുകൂലിയുടെ 'കെ.എസ്.ആർ.ടി.സി നിയമം' ഇങ്ങനെ

ബസിൽനിന്ന് കളഞ്ഞുകിട്ടുന്ന വസ്തുവകകൾ ഏറ്റെടുക്കേണ്ടത് കണ്ടക്‌ടറാണ്. ഡിപ്പോയിലെത്തുമ്പോൾ മൂല്യം കണക്കാക്കി രേഖ തയ്യാറാക്കി കൈമാറണം. സാക്ഷികളും വേണം. ഇത് തിരികെ കിട്ടാൻ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകണം. ഉടമയാണെന്നതിന്റെ രേഖകളും ഹാജരാക്കണം. എങ്ങനെ നഷ്‌ടമായെന്നതിനും സാധൂകരിക്കുന്ന തെളിവുകൾ വേണം. ഭാവിയിൽ മറ്റാരെങ്കിലും അവകാശം ഉന്നയിച്ചെത്തിയാൽ സ്വീകരിച്ചമുതൽ തിരികെ കെ.എസ്.ആർ.ടി.സി.ക്ക് നൽകാമെന്നും ഉറപ്പുനൽകണം.കളഞ്ഞുകിട്ടുന്ന വസ്തുവിന്റെ വിപണിമൂല്യം ഈടാക്കി പത്തുശതമാനം സർവീസ് ചാർജും ഇതിന് ഈടാക്കും.