budget-

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന വലിയ ഒരു പ്രശ്നത്തിന് ഈ ബഡ്ജറ്റോടെ പരിഹാരമാകുന്നു. ഇന്ത്യൻ പാസ്പോർട്ടുള്ള എല്ലാ എൻ.ആർ.ഐക്കാർക്കും ആധാർ കാർഡ് ലഭിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റ് പ്രസംഗത്തിൽ അറിയിച്ചു. കാർഡ് ലഭിക്കാൻ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന മുൻപുള്ള നയം മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്.

വിദേശ ഇന്ത്യക്കാർക്ക് ആധാർകാർഡ് എടുക്കാൻ നിയമം അനുവദിക്കുന്നില്ലെങ്കിലും നാട്ടിൽ ഏത് ആവശ്യത്തിനും ആധാർ ഹാജരാക്കേണ്ട സ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്. ഈ പ്രശ്നത്തിന് ഇതോടെ പരിഹാരമാകുമെന്ന് കരുതാം.

പ്രവാസികൾക്കും ആധാർ നൽകുമെന്ന് നേരത്തേ മുൻ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് സ്ഥിരതാമസക്കാർ അല്ലാത്തതിനാൽ ആധാർ കാർഡിന്റെ ഗുണഭോക്താക്കളാകാൻ പ്രവാസികൾക്ക് കഴിയില്ലെന്ന നിലപാട് പുന:പരിശോധിക്കണമെന്ന് പ്രവാസികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിലവിലെ ആധാർ നിയമത്തിലെ 3.1 സെക്ഷൻ പ്രകാരം ഇന്ത്യയിൽ താമസിക്കുന്നവർക്കു മാത്രമേ ആധാർ നമ്പർ ലഭിക്കാൻ അർഹതയുള്ളു. താൽക്കാലിക തൊഴിൽ കരാറിനു പുറത്ത് ഗൾഫ് മേഖലയിലും മറ്റും ജോലി ചെയ്യുന്ന സാധാരണ പ്രവാസികളുടെ കാര്യത്തിൽ ഇളവ് വേണമെന്നും പ്രവാസി സമൂഹം ആവശ്യപ്പെട്ടിരുന്നു.