ന്യൂഡൽഹി: രാജ്യത്തെ വ്യോമയാന, മാദ്ധ്യമ, ഇൻഷുറൻസ് മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് സർക്കാർ തയ്യാറാണെന്ന് കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. പാർലമെന്റിൽ ബഡ്‌ജറ്റ് അവതരണവേളയിലാണ് വിദേശ നിക്ഷേപം സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ ഉദാരമാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരം നടപടികൾ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
'ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുക എന്നതുകൂടി ഉദ്ദേശിച്ചുകൊണ്ടാണ് ഇത് ഞാൻ മുന്നോട്ടു വയ്‌ക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ നിർദേശങ്ങൾ സർക്കാർ സ്വീകരിക്കും. വ്യോമയാനം, മീഡിയ, ഇൻഷുറൻസ്, എ.വി.ജി.സി ( അനിമേഷൻ, വിഷ്വൽ എഫക്‌ട്സ്, ഗെയിമിംഗ് ആന്റ് കോമിക്‌സ്) എന്നീ മേഖലകളിലാണ് നേരിട്ടുള്ള വിദേശ നിക്ഷേപം ആലോചിക്കുന്നത്'- നിർമ്മല സീതാരാമൻ പറഞ്ഞു .