ulakka

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ രാജ്കുമാറെന്ന യുവാവിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേരള പൊലീസിന് നേരെ ജനരോഷം ഉയരുകയാണ്. ക്രൂരമായി പീഡിപ്പിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ക്രൈബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉരുട്ടൽ എന്ന ക്രൂരമായ പീഡനമുറ കേരള പൊലീസിൽ എങ്ങനെവന്നുവെന്ന് പൊലീസിനെ പരിഹസിച്ചുകൊണ്ട് നടൻ ജോയ്‌ മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്.

സ്‌കോട്ലാന്റ് യാർഡ് പോലീസ് അക്കാദമിയിൽ പോലും ഉരുട്ടൽ എന്ന ചോദ്യം ചെയ്യൽ രീതിയില്ലെന്നും കാരണം തലച്ചോർ കൊണ്ടാണ് അവിടെ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതെന്ന് അഭിപ്രായപ്പെടുന്ന ജോയ്‌ മാത്യു കേരള പൊലീസിന്റെ ഉരുട്ടൽ വിദ്യ അവസാനിപ്പിക്കണമെങ്കിൽ നാട്ടിലെ ഉലക്കകൾ നിരോധിക്കേണ്ട അവസ്ഥയാണുള്ളതെന്ന് എഴുതുന്നു. അടിയന്തരാവസ്ഥക്കാലത്തും നക്സലുകളെ മർദ്ദിക്കുവാനാണ് കേരളപൊലീസ് ഉലക്കയെടുത്ത് തുടങ്ങിയത്. ഉലക്കപ്രയോഗത്തിന് പകരം മറ്റൊരു മാർഗം ഉപയോഗിച്ചും നാട്ടിലെ കുറ്റകൃത്യങ്ങൾ ഒഴിവാക്കാനാവും. പൊലീസ് ഡി.ജി.പി അടുത്തിടെ എല്ലാ പൊലീസ്റ്റേഷനിലും എത്തുന്ന പൊതുജനത്തിന് വായിക്കുവാനായി ലൈബ്രറികൾ ആരംഭിക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ഈ ലൈബ്രറികളിൽ പൊലീസ് പീഡനമുറകൾ സചിത്രവിവരണത്തോടെ അവതരിപ്പിച്ചാൽ എല്ലാവരും നന്നാവുമെന്നും അദ്ദേഹം പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


നെടുങ്കണ്ടം മുൻനിർത്തി പോലീസ് ലൈബ്രറി അത്യാവശ്യം

ഉരുട്ടൽ എന്ന സാംക്രമിക രോഗം പ്രശസ്തമായ സ്‌കോട്ലാന്റ് യാർഡ് പോലീസ് അക്കാദമിയിൽ നിന്നും വന്നതല്ല. കാരണം അവരുടെ സിലബസ്സിൽ ഷെർലക് ഹോംസിനെപ്പോലെ തലച്ചോർ ഉപയോഗിച്ച് കേസ് കണ്ടുപിടിക്കുന്ന രീതികളാണുള്ളത്. തടിമിടുക്കും ക്രിമിനൽ വാസനയുമുള്ളവരെ പോലീസിൽ ചേർത്തുകൊണ്ടായിരുന്നല്ലോ ആദ്യകാലത്ത് നമ്മുടെ നാട് പോലീസ് സേനയെ ഉണ്ടാക്കിയത്.
മർദ്ദക വീരന്മാരായ കുട്ടൻ പിള്ളമാരും എസ് ഐ ഏമാന്മാരും കാലന്റെ റോളിൽ തിളങ്ങിയ കാലം.

അതൊന്ന് മാറ്റിയെടുക്കാനായിരുന്നിരിക്കണം ഐ പി എസ് നേടി വന്ന ഒരാളെ അന്നത്തെ മുഖ്യമന്ത്രി പ്രശസ്തമായ സ്‌കോര്ട്ട്ലാന്റ് യാർഡ് പോലീസ് അക്കാദമിയിലേക്ക് സർക്കാർ ചിലവിൽ അയച്ചത്. എന്നാൽ അയച്ച ആളാവട്ടെ സ്‌കോർട്ട് ലാന്റ് പോലീസിനെപ്പോലും തന്റെ ക്രിമിനൽ ബുദ്ധി കാണിച്ചു ഞെട്ടിച്ചുവത്രെ.അയാളാണ് കേരള പൊലീസിലെ കുറ്റകൃത്യങ്ങളുടെ തമ്പുരാൻ എന്ന് പേരെടുത്ത ജയറാം പടിക്കൽ എന്ന ബഹുവ്രീഹി.

മര്യാദക്ക് ക്ലാസ്സിൽ പോകാതെ,ചുമ്മാ കറങ്ങിയടിച്ചു കേരളത്തിൽ തിരിച്ചെത്തിയ പടിക്കൽ തബ്രാനു ആദ്യം നേരിടേണ്ടി വന്നത് നക്സലൈറ്റുകളെയാണ്. എന്നാൽ നക്സലൈറ്റുകളെ ശരിയാക്കാൻ നിലവിലുള്ള തന്റെ ക്രിമിനൽ ബുദ്ധി മതിയാകില്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ്
ജന്മവൈകല്യങ്ങളിൽ എവിടെയോ മറഞ്ഞു കിടന്ന കിരാത ബുദ്ധി അയാളിലുണർന്നത്. അതു അടുക്കളയിലെ ഉലക്കയിൽ കണ്ണുകൾ ഉടക്കിയപ്പോഴായിരിക്കണം. കൂട്ടിനു ലക്ഷ്മണയെപ്പോലെയും പുലിക്കോടനെപ്പോലെയുമുള്ള ക്രിമിനൽ ഉദ്യോഗസ്ഥരെയും കിട്ടി..അപ്പോഴേക്കും അതു പരീക്ഷിക്കാൻ പാകത്തിൽ രാജ്യത്ത് അടിയന്തിരാവസ്ഥയും വന്നു ചേർന്നു.

അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ, പടിക്കലിനും സഹ ക്രിമിനലുകൾക്കും രാഷ്ട്രീയ തടവുകാർക്ക് മേൽ എന്തും പരീക്ഷിക്കാനുള്ള ലൈസൻസും കൊടുത്തു എന്നത് കേരളജനതക്ക് അറിയുന്ന ചരിത്രം.


അങ്ങിനെ പോലീസിലെതന്നെ ഗുണ്ടകളായ പോലീസുകാരെവെച്ചു തടവുകാരുടെ മേൽ വിവിധങ്ങളായ പീഡനമുറകൾ പരീക്ഷിച്ചു തുടങ്ങി.

ഉലക്കകൾക്ക് അങ്ങിനെ ആദ്യമായി നമ്മുടെ നാട്ടിൽ ഡിമാന്റുണ്ടായി. മനുഷ്യ ജീവനോ വിലയില്ലാതെയുമായി എന്നതാണ് കേരളത്തിലെ അടിയന്തിരാവസ്ഥകാലം എന്ന് പറയാം.എഞ്ചിനിയറിഗ് കോളജ് വിദ്യാർഥി രാജൻ മാത്രമായിരുന്നില്ല ഈ പരീക്ഷണത്തിൽ കൊല്ലപ്പെട്ടത്. ഈച്ചര വാര്യർ എന്ന ഒരു പിതാവ് നിയമയുദ്ധം നടത്തിയത് കൊണ്ട് രാജനെന്ന യുവാവിന്റെ ഉരുട്ടിക്കൊല ലോകമറിഞ്ഞു.
ജയറാം പടിക്കലിന്റെയും സംഘത്തിന്റെയും ഉരുട്ടൽ ക്രിയയിൽ മരണപ്പെട്ടവർ ഇനിയുമുണ്ടാകാം. ജീവച്ഛവങ്ങളായി പലരും ഇപ്പോഴും നമുക്കിടയിലുണ്ട് എന്നതും ഓർക്കുക.

രണ്ടെണ്ണം പൊട്ടിക്കാതെ ഒരു കള്ളനും സത്യം പറയില്ല എന്ന് എല്ലാവർക്കും അറിയാം, അതു പൊലീസിന് നമുക്ക് വകവെച്ചു കൊടുത്തേ പറ്റൂ. അല്ലെങ്കിൽ പിന്നെന്ത് പോലീസ് !എന്നാൽ സാക്ഷാൽ ക്രിമിനലുകൾ പോലീസിൽ കയറിപ്പറ്റിയാൽ അതു വിവരവും വിവേകവുമുള്ള പോലീസ് സേനയിലെ കുറച്ചെങ്കിലും പേർക്ക് അപമാനമാണ്. ഇക്കാലത്തു ബിരുദദാരികളോ അതിലധികം പഠിച്ചവരോ പോലീസിലുണ്ട്. അവർക്ക് സാഹിത്യവും ചരിത്രവും നിയമവും സാമ്പത്തിക ശാസ്ത്രവും അറിയുമായിരിക്കും. പക്ഷെ മനുഷ്യശരീരത്തെപ്പറ്റിയോ അതിലെ ആന്തരികാവയവങ്ങളെപ്പറ്റിയോ എവിടെയൊക്കെ ക്ഷതമേല്പിച്ചാൽ എന്തെല്ലാം അപകടങ്ങൾ സംഭവിച്ചേക്കാം എന്നതിനെക്കുറിച്ചോ
അറിവില്ല എന്നാണ് കസ്റ്റഡി മരണങ്ങളിൽ നിന്നും നാം മനസ്സിലാക്കേണ്ടത്. .


അതൊക്കെയാണ് യൂറോപ്പിലൊക്കെ പോലീസ് അക്കാദമികളിൽ പഠിപ്പിക്കുന്നത്.
അതിനാൽ ജയറാം പടിക്കലിന്റെ പ്രേതം ആവേശിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരെ ആ പ്രേതബാധയിൽ നിന്നൊഴിപ്പിക്കാൻ രണ്ടു വഴികളേയുള്ളൂ.
ഒന്നുകിൽ നാട്ടിലെ ഉലക്കകൾ നിരോധിക്കുക.അല്ലെങ്കിൽ ഡി ജി പി പ്രസ്താവിച്ചത് നടപ്പിലാക്കുക.
ആദ്യം പറഞ്ഞത് നടക്കില്ല, രണ്ടാമത് പറഞ്ഞതാണ് കുറച്ചുകൂടി പ്രായോഗികം അതായത്,

പോലീസ് സ്റ്റേഷനുകളിൽ ലൈബ്രറികൾ തുടങ്ങാൻ പോകുന്നതായി നമ്മുടെ ഡി ജി പി കഴിഞ്ഞ ദിവസം പ്രസ്താവിച്ചു കണ്ടു,
കിടിലൻ ആശയം തന്നെ.


ശ്രദ്ധിക്കുക, പോലീസുകാർക്ക് വായിക്കാനല്ല, അവർക്ക് പിടിപ്പത് ജോലിയുണ്ടല്ലോ, പരാതിക്കാർക്ക് കാത്തിരിപ്പിന്റെ ബോറടി ഒഴിവാക്കാനും വിജ്ഞാന വർധനക്കുമാണത്രെ ലൈബ്രറി !
അവിടെയാണ് എനിക്ക് ഒരു നിർദ്ദേശം നൽകാനുള്ളത് .
കേരളാപോലീസിന്റെ ഉരുട്ടൽ അടക്കമുള്ള വിവിധങ്ങളായ ഭേദ്യമുറകൾ
സചിത്ര പുസ്തകങ്ങളായി വായിക്കാൻ കൊടുക്കുക.
അതിൽ പഴയകാല മർദ്ദക വീരന്മാരായ കുട്ടൻ പിള്ള ഹെഡുകള് മുതൽ നേരത്തെ സൂചിപ്പിച്ച ഉരുട്ടൽ മാഫിയ സംഘങ്ങളും തുടങ്ങി ഇതാ ഇപ്പോൾ എത്തി നിൽക്കുന്ന നെടുങ്കണ്ടം വരെയുള്ള ക്രിമിനലുകളുടെ ചിത്രങ്ങളും അവർ നൽകിയ സംഭാവനകളും പ്രതിപാദിക്കണം. അക്കാലങ്ങളിലേ ഭരണ കർത്താക്കളുടെ വാപൊളിച്ചു ചിരിക്കുന്ന ചിത്രവും അതോടൊപ്പം ചേർക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പരാതിക്കാർ ഈ ലൈബ്രറിയിലെ ആദ്യ സന്ദർശനം കൊണ്ട് തന്നെ സൽസ്വഭാവികൾ ആയിമാറാനും അങ്ങിനെ നമ്മുടെ നാട് '' കള്ളവുമില്ല ചതിയുമില്ല 'എന്ന മട്ടിൽ ഒരു മാവേലി നാടാകുവാനുമുള്ള ഒരു വൻ സാധ്യതയാണ് ഇതിലൂടെ നമുക്ക് കൈവരുന്നത്.
ഇതും പോരെങ്കിൽ കേരളാപോലീസിന്റെ
കുപ്രസിദ്ധിക്ക് തിലകക്കുറിയായ പോലീസ് സ്റ്റേഷനുകളും പീഡന കേന്ദ്രങ്ങളും മ്യൂസിയങ്ങളായി സംരക്ഷിക്കേണ്ടതുമാണ്.
സ്‌കോട്ട് ലാന്റ് യാർഡ് പോലീസ് അക്കാദമി വേണെങ്കിൽ ഇവിടെ വന്നു കണ്ടുപഠിക്കട്ടെ.