ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് നവ ഇന്ത്യക്കുള്ള ബഡ്‌ജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 21ാം നൂറ്റാണ്ടിന്റെ പ്രതീക്ഷകളെ സഫലീകരിക്കുന്ന ബഡ്ജറ്റാണിതെന്നും കാർഷിക മേഖലയിലെ മാറ്റങ്ങളിലൂടെ പുതിയ ഇന്ത്യക്കായുള്ള രൂപരേഖയാണിതെന്നും മോദി പറഞ്ഞു. ബഡ്‌ജറ്റിലൂടെ പാവപ്പെട്ടവർക്കും മധ്യവർഗക്കാർക്കും ഗുണം ലഭിക്കും. നികുതി ഘടനകളെ ഏറ്റവും ലളിതമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംരംഭങ്ങളെ ശക്തിപ്പെടുത്താനും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും കൂടാതെ നികുതി സമ്പ്രദായം ലളിതമാക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥയെ 5 ട്രില്യൺ ഡോളറാക്കി ഇരട്ടിയാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഇതിനായുള്ള സർക്കാരിന്റെ ആദ്യപടിയായാണ് മോദി 2.0 സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്.