ന്യൂഡൽഹി: മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിച്ചേ കഴിയൂവെന്ന് സുപ്രീം കോടതി. ഫ്ളാറ്റുകൾ പൊളിക്കണമെന്ന നേരത്തയുള്ള വിധിക്കെതിരെ ഫ്ളാറ്റുടമകൾ സ്‌റ്റേ വാങ്ങിയതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ജസ്‌റ്റിസ് അരുൺ മിശ്രയുടെ മുമ്പാകെയാണ് കേസ് എത്തിയത്. തന്റെ ബെഞ്ച് വിധി പറഞ്ഞ കേസിൽ മറ്റൊരു ബെഞ്ചിൽ നിന്ന് സ്റ്റേ വാങ്ങിയത് കോടതിയെ കബളിപ്പിക്കാനാണോ എന്ന് അരുൺ മിശ്ര ചോദിച്ചു. പണം മാത്രം ലക്ഷ്യമിട്ട് ധാർമികതയ്ക്ക് നിരക്കാത്ത നടപടിയാണ് അഭിഭാഷകരിൽ നിന്നുണ്ടായതെന്നും മിശ്ര വിമർശിച്ചു.
കൊൽക്കത്തക്കാരനായ മുതിർന്ന അഭിഭാഷകൻ ദേബൾ ബാനർജിയെ കൊണ്ടുവന്നത് തന്നെ സ്വാധീനിക്കാൻ വേണ്ടിയാണെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. തുടർന്ന് എല്ലാ റിട്ട് ഹർജികളും തള്ളി, ഫ്ളാറ്റ് പൊളിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കി.
തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടിൽ നിർമ്മിച്ച അഞ്ച് ഫ്ളാറ്റുകൾ മുപ്പത് ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് നേരത്തെ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് വിധിച്ചിരുന്നു. വിധിയിൽ ഇളവ് തേടി ഫ്ളാറ്റ് ഉടമകൾ ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിനെ സമീപിച്ചു. വിധി പറഞ്ഞ ബെഞ്ചിന് മുമ്പാകെ ഹർജി ലിസ്റ്റ് ചെയ്യാനും ആറാഴ്ചത്തേക്ക് കെട്ടിടം പൊളിക്കുന്നതിന് നിർത്തിവയ്‌ക്കാനും അവധിക്കാല ബെഞ്ച് ഉത്തരവിട്ടിരുന്നു.