മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വെെക്കം മുഹമ്മദ് ബഷീർ വിടവാങ്ങിയിട്ട് കാൽ നൂറ്റാണ്ട് തികയുകയാണ്. കടുകട്ടി വാക്പ്രയോഗങ്ങളില്ലാതെ ഏച്ചുകൂട്ടലില്ലാതെ ലളിതമായി കഥ പറഞ്ഞ പച്ച മനുഷ്യൻ. അദ്ദേഹം നടന്ന വഴികളും അനുഭവങ്ങളും തന്നെയാണ് പിന്നീട് എഴുത്തുകളായതും. ബഷീറിന്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരൻ പി.കെ പാറക്കടവ്.
"ഇനി നീ വി.കെ. എന്നെ കുറിച്ച് എഴുതണം' എന്നെക്കുറിച്ച് എഴുതണമെന്നല്ല പറഞ്ഞത്.മലയാളത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരൻ. പാണ്ഡിത്യത്തിന്റെ ഭാരമുള്ള " ഞെമണ്ടൻ'' പുസ്തകങ്ങൾ എഴുതാതെ തന്നെ നന്മയുടെ വെളിച്ചം പ്രസരിപ്പിച്ച ,മരിച്ചിട്ടും ജീവിക്കുന്ന എഴുത്തുകാരൻ" -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ബഷീർ ഓർമ-
ഞാനന്ന് ഖത്തറിലാണ്. ബഷീറുമായി എം.എൻ.കാരശ്ശേരി നടത്തിയ 'ശരീഅത്തും ചില കൊസ്റാ കൊള്ളികളും ' എന്ന ഇന്റർവ്യൂ മാതൃഭൂമി ആഴ്ചപതിപ്പിൽ വരുന്നു.എം.എൻ.കാരശ്ശേരിയാണ് അഭിമുഖം നടത്തിയത്.
പേജുകീറി സെൻസർ ചെയ്താണ് അതവിടെ വന്നത്. തമാശ രൂപത്തിൽ ഞാൻ ബഷീറിനൊരു കത്തയക്കുന്നു. കിംബഹുന!
ദിവസങ്ങൾക്ക് ശേഷം മാതൃഭൂമിയിലെ ആ പേജുകൾ മുറിച്ചുമാറ്റി ഓരോ പേജിലും കയ്യൊപ്പിട്ടു് ബഷീർ അതെനിക്ക് തപാലിൽ അയച്ചുതരുന്നു.
............
മലയാള നാട് കത്തിനിൽക്കുന്ന കാലം. ഞാനതിൽ എൻ.പി.മുഹമ്മദിന്റെ കഥകളെക്കുറിച്ച് എഴുതുന്നു. മാധവിക്കുട്ടിയും ഒ.വി.വിജയനുമൊക്കെ മലയാള നാടിൽ എഴുതുന്ന കാലം.
അതിനു ശേഷം ഒരിക്കൽ ഞാൻ വയലാലിൽ എത്തുന്നു. ബഷീർ ആലേഖനത്തെക്കുറിച്ച് പറയുന്നു.എൻ.പി.യെക്കുറിച്ച് എഴുതിയത് നന്നായി എന്നു പറയുന്നു. ഒരു എഴുത്തുകാരനെന്ന നിലയിൽ സന്തോഷം തോന്നിയ അനുഭവം.
ബഷീർ പറയുന്നു:
"ഇനി നീ വി.കെ. എന്നെ കുറിച്ച് എഴുതണം'
എന്നെക്കുറിച്ച് എഴുതണമെന്നല്ല പറഞ്ഞത്.
മലയാളത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരൻ.
പാണ്ഡിത്യത്തിന്റെ ഭാരമുള്ള " ഞെമണ്ടൻ'' പുസ്തകങ്ങൾ എഴുതാതെ തന്നെ നന്മയുടെ വെളിച്ചം പ്രസരിപ്പിച്ച ,മരിച്ചിട്ടും ജീവിക്കുന്ന എഴുത്തുകാരൻ.