തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ഇന്ത്യൻ സമ്പദ്ഘടനയെ അഞ്ച് ലക്ഷം കോടിയിലേക്ക് ഉയർത്തുന്നതിന് തീർത്തും അപര്യാപ്തമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ സുപ്രധാന ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അവഗണിച്ചു. പ്രളയാനന്തര കേരളത്തിന് ഇത്തവണത്തെ ബഡ്ജറ്റിൽ തുക അനുവദിച്ചില്ലെന്നും വായ്പ പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം അവഗണിച്ചെന്നും അദ്ദേഹം തിരുവനന്തപുരത്ത് ചേർന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വർദ്ധിപ്പിച്ചത് ഏറ്റവും വലിയ ജനവിരുദ്ധ വികാരമാണ്. ഒന്നാം മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.2 രൂപയായിരുന്നു നികുതി. എന്നാൽ ഈ ബഡ്ജറ്റിന് മുമ്പ് അത് 17.98രൂപയായി വർദ്ധിച്ചു. ഈ ബഡ്ജറ്റിൽ അത് 19.98 രൂപയായി. എല്ലാവരും പ്രതീക്ഷിക്കുന്നത് പെട്രോളിന്റെ വില കുറയ്ക്കുമെന്നാണ്. പെട്രോൾ വില ജി.എസ്.ടിയിൽ കൊണ്ടുവന്ന് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നികുതി വിഹിതത്തിൽ നിന്ന് കുറയ്ക്കണമെന്ന് പറയുന്നുണ്ടെങ്കിലും ഫലത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ്- തോമസ് ഐസക്ക് പറഞ്ഞു.
രാജ്യത്തെ ജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കുന്ന പദ്ധതിയിൽ കേരളത്തിന് 6000 കോടി മാത്രമേ അനുവദിച്ചിട്ടുള്ളൂ. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ തവണ 61,000കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ ഇത്തവണ അനുവദിച്ചത് 60,000 കോടിയാണ്. കഴിഞ്ഞ തവണത്തെ ബഡ്ജറ്റ് വിഹിതത്തിന് അപ്പുറത്തേക്ക് പോയിട്ടില്ല. വിലക്കയറ്റം കൂടി കണക്കിലെടുക്കുകയാണെങ്കിൽ കുറയുകയാണ് ചെയ്തിട്ടുള്ളത്. കേരളത്തെ സംബന്ധിച്ച് സമ്പൂർണ നിരാശ മാത്രമാണ് ഇത്തവണത്തെ ബഡ്ജറ്റ് നൽകുന്നതെന്നും തോമസ് ഐസക് വ്യക്തമാക്കി.