nalini-sriharan

മദ്രാസ് : രാജീവ് ഗാന്ധി വധക്കേസിൽ 27 വർഷമായി ജയിലിൽ കഴിയുന്ന നളിനി ശ്രീഹരന് ഒരുമാസത്തെ പരോൾ. മകൾ അരീത്രയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരോൾ ആവശ്യപ്പെട്ട് നളിനി മദ്രാസ് ഹെക്കോടതിയെ സമീപിച്ചത്. ഹർജിയിൽ നേരിട്ട് ഹാജരാകാനും ഹൈക്കോടതി അനുമതി നൽകിയിരുന്നു.

1991 മേയ് 21നാണ് എൽ.ടി.ടി.ഇയുടെ ചാവേർ സ്‌ഫോടനത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. 16പേർക്ക് ജീവൻ നഷ്ടമായ കേസിൽ 41 പ്രതികളുണ്ടായിരുന്നു. അതിൽ 26പേർക്കും 1998ൽ ടാഡ കോടതി വധശിക്ഷ വിധിച്ചു. തൊട്ടടുത്ത വർഷം മുരുകൻ,ശാന്തൻ, പേരറിവാളൻ,നളിനി മുതലായവരുടെ വധശിക്ഷ സുപ്രീകോടതി ശരിവച്ചു. പത്തൊമ്പത് പേരെ വെറുതെവിടുകയും രവിചന്ദൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തു.

സോണിയാ ഗാന്ധിയുടെ ഇടപെടലിൽ 2000ലാണ് നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്. കഴിഞ്ഞ 27 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിലാണ് നളിനി. ജയിലിൽ വച്ചാണ് മകൾ അരീത്രയ്ക്ക് ജന്മം നൽകിയത്. അവളിപ്പോൾ ലണ്ടനിലാണ്. അറസ്റ്റിലായതിന് ശേഷം 2016ൽ പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയത്.

ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് അനുഭവിക്കുന്നവർക്ക് രണ്ട് വർഷം കൂടുമ്പോൾ ഒരു മാസത്തെ പരോളിന് അവകാശമുണ്ട്. ജയിൽ സൂപ്രണ്ടിന് പരോളിന് അപേക്ഷ നൽകിയെങ്കിലും അതിൽ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ, കഴിഞ്ഞ 27 വർഷമായി തനിക്ക് അത് ലഭിച്ചിട്ടില്ലെന്ന് കാണിച്ചാണ് നളിനി ഹർജിയുമായി കോടതിയെ സമീപിച്ചത്.