ലണ്ടൻ: യൂറോപ്യൻ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്താൻ ശ്രമിച്ച ഇറാന്റെ ഭീമൻ കപ്പൽ, ജിബ്രാൾട്ടർ അധികൃതരും ബ്രിട്ടീഷ് നാവികസേനയും ചേർന്ന് പിടികൂടി. ബ്രിട്ടന്റെ അധീനതയിലുള്ള ജിബ്രാൾട്ടർ മുറിച്ചുകടക്കാൻ ശ്രമിക്കവെയാണ് ദി ഗ്രേസ് വൺ എന്ന എണ്ണക്കപ്പൽ വ്യാഴാഴ്ച പുലർച്ചെ പിടികൂടിയത്. ഇറാനിൽനിന്ന് കയറ്റിയ ക്രൂഡ് ഓയിലാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. സിറിയൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബെന്യാസ് റിഫൈനറിയിലേക്കാണ് എണ്ണ കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് ജിബ്രാൾട്ടർ അധികൃതർ അറിയിച്ചു. അമേരിക്കയുടെ നിർദ്ദേശപ്രകാരമാണ് എണ്ണടാങ്കറുകൾ പിടികൂടിയതെന്നും സൂചനയുണ്ട്. അമേരിക്കയും ഇറാനും പരസ്പരം ആക്രമണഭീഷണിയുമായി നിലകൊള്ളുന്ന സാഹചര്യത്തിൽ, ബ്രിട്ടന്റെ പുതിയ നീക്കം പശ്ചിമേഷ്യയിൽ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.
20111ൽ, സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസറിനെതിരായി പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം സൈന്യത്തെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചതോടെയാണ് യൂറോപ്യൻ യൂണിയൻ സിറിയയ്ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയത്. എണ്ണ എത്തിക്കാൻ ലക്ഷ്യമിട്ടിരുന്ന ബെന്യാസ് റിഫൈനറിക്കു മേൽ 2014 മുതൽ ഉപരോധം പ്രാബല്യത്തിലുണ്ട്. അതേസമയം, ടാങ്കർ പിടികൂടിയ സംഭവം, ബ്രിട്ടനും സ്പെയിനും തമ്മിൽ അസ്വാരസ്യങ്ങൾക്കിടയാക്കിയിട്ടുണ്ട്. ജിബ്രാൾട്ടറിൽ ബ്രിട്ടനുള്ള അധികാരം സ്പെയിൻ അംഗീകരിച്ചിട്ടില്ലാത്തതാണ് വിഷയം. അതേസമയം, ബ്രിട്ടന്റെ നടപടിയ്ക്കെതിരെ ശക്തമായ രോഷമാണ് ഇറാൻ ഉയർത്തുന്നത്. തുടർന്ന് ബ്രിട്ടീഷ് അംബാസഡറെ ഇറാൻ വിദേശകാര്യ മന്ത്രാലയം വിളിപ്പിക്കുകയും ചെയ്തു.
വിട്ടുതന്നില്ലെങ്കിൽ...ഭീഷണിയുമായി ഇറാൻ
തങ്ങളുടെ എണ്ണക്കപ്പൽ വിട്ടുതന്നില്ലെങ്കിൽ, ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കുമെന്ന് ഇറാൻ. ടെഹ്റാനിലെ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇറാൻ ഇക്കാര്യം അറിയിച്ചത്. ഇറാന്റെ കപ്പൽ പിടിച്ചെടുത്ത നടപടി കടൽക്കൊള്ളയാണ്. ഭീഷണിപ്പെടുത്തുന്നവർക്ക് ഇറാൻ നിസംശയം മറുപടി നൽകും. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിയുടെ ഉപദേശകസമിതിയംഗം മൊഹസൻ റസായി പറഞ്ഞു.
''ജിബ്രാൾട്ടറിൽവച്ച് കപ്പൽ പിടിച്ചെടുത്ത സംഭവത്തിൽ സ്പെയിനിന്റെ അധികാരം ലംഘിക്കപ്പെട്ടോ എന്ന് പരിശോധിക്കും"- ജോസഫ് ബോറെൽ , സ്പെയിനിലെ വിദേശകാര്യ മന്ത്രി
''ഇറാൻ കപ്പൽ ബ്രിട്ടൻ വിട്ടയച്ചില്ലെങ്കിൽ, ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുക്കേണ്ടത് അധികാരികളുടെ കടമയാണ്" - മൊഹസൻ റസായി